india-australia-cricket

മെൽബൺ: ഇന്ത്യ- ആസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലിയിലായിരിക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് ഇന്ത്യയുടെ വിജയ ലക്ഷ്യം ആദ്യം 19 ഓവറിൽ 137 റൺസായി നിശ്ചയിച്ചു. പിന്നീട് 11 ഓവറിൽ 90 റൺസായും 5 ഓവറിൽ 46 റൺസായും പുനർനിശ്ചയിച്ചെങ്കിലും മോശംകാലാവസ്ഥമൂലം കളികാണാനെത്തിയ അറുപതിനായിരത്തോളം കാണികളെ നിരാശരാക്കി മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മഴ തടസപ്പെടുത്തിയ ആദ്യ മത്സരത്തിൽ ഡക്‌വർത്ത് ലൂയിസ് നിയമ പ്രകാരം 4 റൺസിന്റെ ജയം നേടിയ ഓസീസ് പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെത്തന്നെ ഇന്ത്യ നിലനിറുത്തിയപ്പോൾ ഓസീസ് നിരയിൽ പരിശീലനത്തിനിടെ പരിക്കേറ്റ സ്‌റ്രാൻലേക്കിന് പകരം നാഥാന കോൾട്ടർ നിൽ ഇടം നേടി.

ഓസീസ് ക്യാപ്‌ടൻ ആരോൺ ഫിഞ്ചിനെ (0) ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ വിക്കറ്ര് കീപ്പർ റിഷഭ് പന്തി കൈയിൽ എത്തിച്ച് മികച്ച തുടക്കമാണ് ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് നൽകിയത്. ഒന്നു വീതം സിക്സും ഫോറും ഉൾപ്പെടെ 13 റൺസെടുത്ത പകരമെത്തിയ ക്രിസ് ലിന്നിനെ ഖലീൽ അഹമ്മദിന്റെ പന്തിൽ ക്രുനാൽ പാണ്ഡ്യ പിടികൂടി. ഷോട്ടിനെ (14) ഖലീൽ ക്ലീൻ ബൗൾഡാക്കി. സ്റ്റോയിനിസിനെ (4) ബുംര കാർത്തിക്കിന്റെ കൈയിൽ ഒതുക്കുകയും മാക്സ്‌വെവെല്ലിനെ (19) ക്രുനാൽ ക്ലീൻബൗൾഡാക്കുകയും കാരെയ്‌യെ (4) കുൽദീപ് ക്രുനാലിന്റെ കൈയിൽ എത്തിക്കുകയും ചെയ്തതോടെ 74/6 എന്ന നിലയിലായി ഓസീസ്. പിന്നീട് മക്ഡെർമോർട്ടും (പുറത്താകാതെ 32), കോൾട്ടർ നില്ലും (18) ഓസീസിനെ നൂറ് കടത്തി. ഓസീസ് സ്കോർ 101ൽ വച്ച് ഭുവനേശർ കുമാറിന്റെ പന്തിൽ കോൾട്ടർനിൽ പകരക്കാരൻ ഫീൽഡർ മനീഷ് പാണ്ഡേയ്ക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നീടെത്തിയ ആൻഡ്രൂ ടൈ (12) മക്ഡെർമോർട്ടിനൊപ്പം ഓസീസ് സ്കോർ മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് മഴയെത്തിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വറും ഖലീലും 2 വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ അടുത്ത മത്സരം നാളെ നടക്കും.