തിരുവനന്തപുരം: ഗവർണർ പദവിയിലേക്ക് തന്നെ നിയോഗിക്കുമെന്ന വാർത്തകളിൽ പ്രതികരിച്ച് മുൻ ഡി.ജി.പി ടി.പി സെൻകുമാർ രംഗത്ത്. താൻ ഗവർണറാകുമോ മറ്റെന്തെങ്കിലും ആകുമോ എന്നുള്ള കാര്യമൊന്നും അറിയില്ലെന്ന് സെൻകുമാർ പറഞ്ഞു. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ദേവസ്വം ബോർഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാൻ കേന്ദ്രം നിയമ നിർമാണം നടത്തണം എന്നാവശ്യപ്പെടാനാണ് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണർ ആകുമോ എന്നുള്ള കാര്യമൊന്നും ചർച്ച ചെയ്തിട്ടില്ല. ഉടനൊന്നും ഡൽഹിക്ക് പോകുന്നുമില്ല. താൻ സുപ്രീം കോടതിയിൽ ജയിച്ച കേസ് സംബന്ധിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് ക്ലാസെടുക്കാൻ അടുത്ത ദിവസം ഹൈദരാബാദ് പൊലീസ് അക്കാദമിയിലേക്ക് പോകുന്നുണ്ട്- സെൻകുമാർ പറഞ്ഞു.
വിശ്വാസികളുടെ ക്ഷേത്രം അവിശ്വാസികൾ ഭരിക്കുന്നത് ശരിയല്ല. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. അതിന്റെ വിശദാംശം രേഖാമൂലം അമിത് ഷായ്ക്കു കൈമാറിയിട്ടുണ്ട്. അതല്ലാതെ മറ്റൊരു കാര്യവും ചർച്ച ചെയ്തിട്ടില്ലെന്നും സെൻകുമാർ വ്യക്തമാക്കി.