-kozhikode-woman-mall-

കോഴിക്കോട്: കച്ചവടക്കാരും ജോലിക്കാരും മുതൽ സുരക്ഷാജീവനക്കാർ വരെ സ്ത്രീകളായിരിക്കുന്ന രാജ്യത്തെ ആദ്യ സമ്പൂർണ വനിതാ ഷോപ്പിംഗ് മാൾ ശനിയാഴ്ച കോഴിക്കോടിന് സ്വന്തമാകും. അഞ്ച് നിലകളിലായി 36,000 ചതുരശ്ര അടിയിൽ മികച്ച സൗകര്യങ്ങളോടെ ഒരുക്കിയ വനിതാ മാൾ മുഖ്യമന്ത്രി പിണറായി വിജയനാണ് ജനങ്ങൾക്ക് സമർപ്പിക്കുന്നത്.

നാലു നിലകളിൽ 75 ഷോപ്പുകളാണ് ഉള്ളത്. അഞ്ചാം നിലയിൽ ആധുനിക സംവിധാനമുള്ള പ്ലേസോൺ ആണ്. ഇതും വനിതകൾ തന്നെയാകും നിയന്ത്രിക്കുക. കുടുംബശ്രീ സംരംഭങ്ങൾ, വനിതാ സൊസൈറ്റികൾ തുടങ്ങിയവയ്ക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനുള്ള ഒരു സ്ഥിരംവേദികൂടിയാകും മാൾ. കുടുംബശ്രീ മേളകളിൽ മാത്രം ലഭ്യമാകുന്ന വിഭവങ്ങളും മാളിൽ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ പദ്ധതികളിലൊന്നായ കുടുംബശ്രീ സൂപ്പർ മാർക്കറ്റ് മൈക്രോ ബസാർ എന്ന പേരിൽ ഇതിന്റെ ആദ്യത്തെ ഔട്ട്‌ലെറ്റ് തുറക്കും.

മാളിൽ വിശാലമായ പാർക്കിംഗ് സൗകര്യം, സൂപ്പർ മാർക്കറ്റ്, ഫുഡ്‌കോർട്ട്, കോൺഫറൻസ് ഹാൾ, ട്രെയിനിംഗ് സെന്റർ, വനിതാ സഹകരണ ബാങ്ക്, എ.ടി.എം. കൗണ്ടർ, മെഡിക്കൽ ലാബ്, ബ്യൂട്ടി പാർലർ, സ്പാ, ഗെയിം പാർക്ക്, ബോട്ടിക്, ഡ്രൈ ക്ലീനിംഗ്, ഫാൻസി സ്റ്റോർ, വനിത ഡ്രൈവിംഗ് സ്‌കൂൾ, ഹോം അപ്ലയൻസ്, ബേബി കെയർ, ആഭരണങ്ങൾ, ജൈവ വിപണനശാല, ഇൻഫർമേഷൻ സെന്റർ, ഷീ ടാക്‌സി ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയവയും സർക്കാറിന്റെ ഖാദി, മിൽമ സ്റ്റോളുകളും ഒരുക്കുന്നുണ്ട്.

രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന മാളിൽ യൂണിയൻ ബാങ്ക്, പി.എൻ.ബി എന്നിവയുടെ എ.ടി.എം കൗണ്ടറും ഉണ്ടാവും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.

കോർപ്പറേഷൻ സി.ഡി.എസിന് കീഴിലുള്ള യൂണിറ്റി ഗ്രൂപ്പിലെ 10 അംഗങ്ങൾ ചേർന്നതാണ് ഭരണ സമിതി. കെ.ബീന പ്രസിഡന്റും കെ.വിജയ സെക്രട്ടറിയുമായിരിക്കും. മുഖ്യമന്ത്രിക്ക് പുറമെ മൈക്രോ ബസാർ മന്ത്രി എ.സി മൊയ്തീൻ, മിനി സൂപ്പർ മാർക്കറ്റ് മന്ത്രി ടി.പി രാമകൃഷ്ണൻ, കഫേ റെസ്റ്റോറന്റ് മന്ത്രി എ.കെ. ശശീന്ദ്രൻ, ഫാമിലി കൗൺസിലിംഗ് സെന്റർ മന്ത്രി കെ.കെ. ശൈലജ, ട്രെയിനിങ് സെന്റർ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഉദ്ഘാടനം ചെയ്യുന്നത്. നടി സുരഭി ലക്ഷ്മി മാളിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യും.