ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗൽ കേരള ബ്ലാസ്റ്രേഴ്സിന് പിന്നേം തോൽവി. ഇന്നലെ നോർത്ത് ഈസ്റ്റിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളിന് ലീഡ് നേടിയ ശേഷം കളി അവസാനിക്കാറകവെ ഇഞ്ച്വറി ടൈമിൽ വഴങ്ങിയ രണ്ട് ഗോളുകൾ ബ്ലാസ്റ്റേഴ്സിനെ വിജയ വഴിയിൽ നിന്ന് തോൽവിയിലേക്ക് തള്ളിവിടുകയായിരുന്നു. ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. കഴിഞ്ഞ മത്സരങ്ങളിൽ സ്വന്തം തട്ടകമായ കൊച്ചയിൽ ഗോവയോടും ബംഗളുരുവിനോടും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. 8 മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം നേടിയിട്ടുള്ള ബ്ലാസ്‌റ്രേഴ്സ് 7 പോയിന്റുമായി പോയിന്റ് ടേബിളിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. അതേസമയം 7 മത്സരങ്ങളിൽ നിന്ന് നാലാമത്തെ ജയവുമായി 14 പോയിന്റുമായി നോർത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്തേക്കുയർന്നു.
നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ കോർണറിൽ നിന്ന് മതേജ് പോപ്ളാട്നിക്ക് ഹെഡ്ഡറിലൂടെ നേടിയ ഗോളിൽ ബ്ലാസ്റ്രേഴ്സ് ലീഡ് നേടി. മത്സരം കേരളം കൈപ്പിടിയിലൊതുക്കിയെന്ന് കരുതിയിരിക്കെ ഹീറോ ഒഫ് ദ മാച്ചായ നായകൻ സന്ദേശ് ജിങ്കന്റെ അനാനവശ്യ ഫൗൾ നോർത്ത് ഈസ്റ്രിന് പെനാൽറ്റി നേടിക്കൊടുത്തു. പെനാൽറ്രിയെടുത്ത ഒഗബെച്ചെ പിഴവില്ലാതെ പന്ത് വലയ്ക്കകത്താക്കി ആതിഥേയരെ ഒപ്പമെത്തിച്ചു. തുടർന്ന് 96-ാം മിനിറ്റിൽ ജുവാൻ മാർസിയ നോർത്ത് ഈസ്റ്രിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു.
ഐ.എസ്.എല്ലിൽ ഇന്ന്
മുംബയ് - എ.ടി.കെ