തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ നിന്ന് സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല. അതിന്റെ കെടുതി തീരുംമുമ്പേ ഇടിത്തീയായി വൈദ്യുതി നിരക്ക് വർദ്ധനയെത്തുന്നു. അടുത്തമാസം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്ക് തിങ്കളാഴ്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തുടക്കമിടും. നാലിടത്തെ പൊതുതെളിവെടുപ്പ് പൂർത്തിയാക്കി അടുത്തമാസം നിരക്ക് വർദ്ധന പ്രഖ്യാപിക്കും. നിരക്ക് കൂട്ടണമെന്ന് കെ.എസ്. ഇ.ബി.യും നിരക്ക് കൂട്ടാതെ തരമില്ലെന്ന് സർക്കാരും വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി കാത്തിരിക്കേണ്ടെന്ന നിലപാടിലാണ് റെഗുലേറ്ററി കമ്മിഷനും.ഇതോടെ നിരക്ക് വർദ്ധന ഉറപ്പായി. എത്ര വർദ്ധിക്കും എന്നുമാത്രമാണ് ഇനി അറിയാനുള്ളത്.
നഷ്ടത്തിൽ കൂപ്പുകുത്തുന്ന വൈദ്യുതി ബോർഡിനെ പ്രളയക്കെടുതി കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. കരകയറാൻ നിരക്ക് വർദ്ധനയാണ് വൈദ്യുതി ബോർഡ് മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് അവസാനം കൂട്ടിയത്.
നിലവിലെ നിരക്കിൽ നിന്ന് ചുരുങ്ങിയത് 8.5 ശതമാനമെങ്കിലും കൂട്ടണമെന്നാണ് കെ. എസ്. ഇ. ബി. നൽകിയ താരിഫ് പെറ്റീഷനിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ്. ഇ. ബിക്ക് നിലവിൽ 1100.70 കോടിരൂപ ഇൗ വർഷം നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇതേനിലയിൽ മുന്നോട്ട് പോയാൽ 2022 ആകുമ്പോഴേക്കും നഷ്ടം 2518.92 കോടിയായി ഉയരും. ഇതൊഴിവാക്കാൻ നിരക്ക് വർദ്ധനയാണ് പോംവഴിയെന്നാണ് വൈദ്യുതി ബോർഡ് പറയുന്നത്. ഫിക്സഡ് ചാർജ്ജിലും വർദ്ധനയുണ്ടാകും.
ഫിക്സഡ് ചാർജ്ജും വൈദ്യുതി ചാർജ്ജും
ഇലക്ട്രിസിറ്റി ബില്ലിൽ രണ്ടുഭാഗങ്ങളുണ്ട്. ഫിക്സഡ് ചാർജ്ജും വൈദ്യുതി ചാർജ്ജും. ഫിക്സഡ് ചാർജ്ജ് 30 മുതൽ 50 രൂപാവരെയാണ് നിലവിൽ. ഇത് 100രൂപാവരെ കൂട്ടാനാണ് നിർദ്ദേശം. വൈദ്യുതി ചാർജ്ജിൽ തീരെ കുറച്ച് ഉപയോഗിക്കുന്ന, ഒരുമുറി മാത്രമുള്ള കുടിലുകളിൽ താമസിക്കുന്നവരെ നിരക്ക് വർദ്ധനയിൽ നിന്ന് ഒഴിവാക്കിയേക്കും. പ്രതിമാസം 50 യൂണിറ്റ് മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഇടത്തരം ഉപയോഗമുള്ളവരുടെ വൈദ്യുതി നിരക്ക് കൂടും. ഒന്നേകാൽ കോടി വരുന്ന കെ. എസ്. ഇ.ബിയുടെ ഗാർഹിക ഉപഭോക്താക്കളിൽ 70 ശതമാനവും ഇൗ വിഭാഗത്തിലുള്ളവരാണ്. ഇതിലൂടെ വൻനേട്ടമാണ് കെ. എസ്. ഇ.ബി ലക്ഷ്യമിടുന്നത്. നാലുവർഷത്തെ വൈദ്യുതി നിരക്ക് വർദ്ധന ഒറ്റയടിക്ക് നിശ്ചയിക്കാനാണ് റഗുലേറ്ററി കമ്മിഷൻ ഒരുങ്ങുന്നത്. ഇതാദ്യമായാണ് ഒന്നിലേറെ വർഷത്തെ നിരക്ക് വർദ്ധന മുൻകൂട്ടി തീരുമാനിക്കുന്നത്.
സാധാരണക്കാരെ ബാധിക്കുന്ന നിരക്ക് വർദ്ധന നിർദ്ദേശം
ഉപഭോഗ സ്ളാബ്, നിലവിലെ നിരക്ക്, അടുത്തമാസം കൂട്ടാനിടയുള്ള നിരക്ക് (യൂണിറ്റിന്)
0-50 യൂണിറ്റ് വരെ- 2.90, 3.50 രൂപ
51-100 യൂണിറ്റ് വരെ- 3.40 4.20
101-150 യൂണിറ്റ് വരെ- 4.50 5.20
0 - 300 യൂണിറ്റ് വരെ- 5.50 5.95
റെഗുലേറ്ററി കമ്മിഷന്റെ പരസ്യ തെളിവെടുപ്പ് തീയതി
26ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ
27ന് 11 മണിക്ക് എറണാകുളം ടൗൺ ഹാളിൽ
28ന് 11.30ന് കട്ടപ്പന മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ
ഡിസംബർ 10ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയേഴ്സ് ഹാൾ
(പൊതുജനങ്ങൾക്കും തെളിവെടുപ്പിൽ ഹാജരായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാം)