തമിഴ് സൂപ്പർതാരം വിജയ് സേതുപതിയുടെ പുതിയ ചിത്രം സീതക്കാതിയുടെ ട്രെയിലർ പുറത്തിറങ്ങി. തന്റെ 25-ാം ചിത്രമായ സീതക്കാതിയിൽ 80കാരനായാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നത്.
ട്രെയിലറിൽ അമ്പരപ്പിക്കുന്ന മേക്കോവറിൽ പ്രത്യക്ഷപ്പെട്ട് വിസ്മയിപ്പിക്കുകയാണ് താരം. ആദിമൂലം എന്ന സിനിമാ - നാടക നടന്റെ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. കലയെ സ്നേഹിക്കുന്ന ഒരു നടന്റെ ജീവിതവും സിനിമാ രംഗത്ത് അയാൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ഇതിവൃത്തം.
ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർച്ചനയാണ് നായിക. നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്
.
രമ്യാ നമ്പീശൻ, ജെ. മഹേന്ദ്രൻ, മൗലി, രാജ്കുമാർ, ഗായത്രി, പാർവതി നായർ, ഭഗവതി പെരുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 96ലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്ത സംഗീതസംവിധാനവും സരസ്കാന്ത് ഛായാഗ്രാഹണവും നിർവഹിക്കുന്നു. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സൂപ്പർഡീലക്സ്, സെയ്റാ നരസിംഹറെഡ്ഡി, രജനികാന്ത് ചിത്രം പേട്ട, ഇടം പൊരുൾ യേവൽ എന്നിവയാണ് വിജയ് സേതുപതി പുതിയ ചിത്രങ്ങൾ.