രൺവീർ സിംഗ് - ദീപിക പദുക്കോൺ വിവാഹത്തിന് പിന്നാലെ മറ്റൊരു താരവിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ്.
പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊഹാസും തമ്മിലുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയ നിക്ക് ജൊഹാസ് പ്രിയങ്കയുടെ കുടുംബാംഗങ്ങൾക്കായി സംഘടിപ്പിച്ച പ്രത്യേക വിരുന്നിൽ പങ്കെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ ഒന്നിച്ചുള്ള പ്രണയാതുരമായ ചിത്രം പങ്കുവച്ചാണ്, പ്രിയങ്ക നിക്കിനെ സ്വാഗതം ചെയ്തത്. നവംബർ 29ന് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകും.
ഡിസംബർ 2ന് ജോധ്പൂരിൽ വച്ച് ഹിന്ദു ആചാരപ്രകാരവും മൂന്നിന് ക്രിസ്ത്യൻ ആചാരപ്രകാരവും ചടങ്ങുകൾ നടക്കും. മുംബയിലും ഡൽഹിയിലും സൽക്കാര ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്.