തിരുവനന്തപുരം : പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന മുട്ടട - പരുത്തിപ്പാറ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആശ്യപ്പെട്ട് സ്ഥലം എം.എൽ.എ തന്നെ സമരരംഗത്ത് ഇറങ്ങിയിട്ടും കണ്ടഭാവം നടിക്കാത്ത വകുപ്പുകളുടെ അലംഭാവത്തിനെതിരെ നാട്ടുകാർ പരുത്തിപ്പാറയിൽ എം.സി റോഡ് ഉപരോധിച്ചു.
കെ. മുരളീധരൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിൽ നാട്ടുകാരുടെ പ്രതിഷേധം ഇരമ്പി. റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ സെപ്തംബറിൽ എം.എൽ.എയുടെ നേതൃത്വത്തിൽ മുട്ടട - പരുത്തിപ്പാറ റോഡ് ഉപരോധിച്ചിരുന്നു. ഈ സമരം ഫലം കാണാതെ വന്നതോടെയാണ് ഇന്നലെ എം.സി റോഡ് ഉപരോധിച്ചത്.
യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ച എം.എൽ.എയെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. എ.ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയച്ചു.
ഇന്നലെ രാവിലെ 10.30നാണ് ജനങ്ങളുടെ നടുവൊടിക്കുന്ന ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെതിരെ മുരളീധരന്റെ നേതൃത്വത്തിൽ നാട്ടുകാർ എം.സി റോഡിൽ സംഘടിച്ചത്. തുടർന്ന് നൂറോളം പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. അസിസ്റ്റന്റ് കമ്മിഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
സമരം പ്രഖ്യാപിക്കുമ്പോൾ മാത്രം പണി തുടങ്ങുകയും പിന്നാലെ അത് നിറുത്തിവയ്ക്കുന്നതുമാണ് ഇവിടുത്തെ പതിവ് രീതി. ഇക്കഴിഞ്ഞ സെപ്തംബർ 17ന് രാവിലെ എം.എൽ.എയും കൂട്ടരും ഉപരോധസമരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പണി ആരംഭിച്ചെങ്കിലും സമരം കഴിഞ്ഞതോടെ പണിയും നിലച്ചു. വാട്ടർ അതോറിട്ടി, പി.ഡബ്ളിയു.ഡി വകുപ്പുകളുടെ ഏകോപനക്കുറവാണ് പണി അനന്തമായി നീളാൻ കാരണമെന്നാണ് പ്രധാന ആക്ഷേപം. ഓഫീസിലേക്കും സ്ക്കൂളുകളിലേക്കും പോയിവരാൻ രാവിലെയും വൈകിട്ടും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി ആളുകൾ ദിവസേന ആശ്രയിക്കുന്ന റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്.