തിരുവനന്തപുരം: മാതൃകാ ആശുപത്രിയെന്ന് വിശേഷണമുള്ള പേരൂർക്കട ജില്ലാ ആശുപത്രി അധികൃതരുടെ നോട്ടപ്പിശകിൽ വീർപ്പുമുട്ടുന്നു. കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനായി നിർമ്മിച്ച മന്ദിരം പൂട്ടിയിട്ട് മാസങ്ങളേറെയായി.ഇപ്പോൾ അവർക്കെല്ലാം ആശ്രയമാകുന്നത് മരച്ചുവടോ, തൊട്ടടുത്ത കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡോ മാത്രമാണ്.
പ്രാഥമിക ആവശ്യങ്ങൾക്കായാലും വീർപ്പുമുട്ടൽ സഹിക്കണമെന്നതാണ് സ്ഥിതി. ഡയാലിസിസ് യൂണിറ്റെന്ന സ്വപ്നം വാഗ്ദാനത്തിലൊതുങ്ങി. ഉച്ച കഴിഞ്ഞാൽ ഒ.പിയിൽ ഒരു ഡോക്ടർ മാത്രമാവും ഉണ്ടാവുക. ദൈനംദിന ഒ.പി ആയിരത്തോളമാണ്. ലാബ്, ഇ.സി.ജി പരിശോധന കൗണ്ടറുകളുടെ മുന്നിലും അറുതിയില്ലാത്ത ക്യൂ തന്നെ. ആശുപത്രി വളപ്പിൽ പകലും രാത്രിയും ഒരുപോലെ തെരുവുനായ്ക്കളുടെ പടയോട്ടമാണ്.നൂറിലധികം സ്ഥിരം ജീവനക്കാരും നിരവധി താത്കാലികക്കാരും ഉൾപ്പെടെ മാതൃകാ ആശുപത്രിയിൽ ഉണ്ടെങ്കിലും പലരും ഡ്യൂട്ടി സമയത്ത് കറങ്ങിനടക്കുകയാണെന്ന ആക്ഷേപമുണ്ട്.
പൂട്ടിയിട്ട വിശ്രമകേന്ദ്രം
2012 ൽ ശശിതരൂർ എം.പിയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് വിശ്രമകേന്ദ്രം പണിതത്. ഡയാലിസിസ് യൂണിറ്റിന് വേണ്ടിയുള്ള പണികൾക്കായാണ് പൂട്ടിയിട്ടതെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ആശുപത്രി ജീവനക്കാർക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമാണ് ഈ മന്ദിരം ഉപയോഗിക്കുന്നതെന്ന് രോഗികൾ പറയുന്നു. നിരവധി രോഗികൾ വരാന്തയിലും മരച്ചുവട്ടിലും കിടക്കുമ്പോൾ ലക്ഷങ്ങൾ മുടക്കി പണിത വിശ്രമകേന്ദ്രം പൂട്ടിയിട്ട നടപടി അനീതിയാണെന്നാണ് രോഗികളുടെ ആക്ഷേപം. പേവാർഡിനു സമീപമുള്ള ടോയ ്ലെറ്റ് അടച്ചിട്ട് നാളുകളേറെയായി.
ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ പ്രാഥമിക നടപടികൾ തുടങ്ങിയെങ്കിലും വെള്ളംശേഖരിക്കാനുള്ള ടാങ്ക് കെട്ടിടത്തിന് മുകളിൽ സ്ഥാപിക്കുന്നത് ബലക്ഷയം ഉണ്ടാക്കുമോ എന്ന് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതാണ് പണി നീണ്ടുപോകാൻ കാരണം.പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതി വന്നശേഷം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏറെ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്.
അനിൽകുമാർ.പി.എസ്
വാർഡ് കൗൺസിലർ
പേരൂർക്കട