പോത്തൻകോട്: കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ നിർമ്മിച്ച ആധുനിക സ്പോർട്സ് അക്കാഡമിയുടെയും രാജ്യാന്തര നിലവാരമുള്ള വോളിബാൾ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ നിർവഹിച്ചു. സ്പോർട്സ് കൗൺസിലിന്റെ വിവിധ പദ്ധതികളിൽ ലക്ഷ്മിവിലാസം സ്കൂളിനെ ഉൾപ്പെടുത്താൻ നടപടി എടുക്കുമെന്നും നഴ്സറി, ഹൈസ്കൂൾ, കോളേജ്, യൂത്ത്, സീനിയർ സിറ്റിസൺ തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തി കായികക്ഷമതാമിഷൻ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സ്പോർട്സ് അക്കാഡമി ഹോസ്റ്റലിന്റെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻകുമാർ നിർവഹിച്ചു. കുട്ടികളുടെ യൂണിഫോമും ലോഗോ പ്രകാശനവും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മൾട്ടിപർപ്പസ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നടന്നു. പി.ടി.എ പ്രസിഡന്റ് എസ്. ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഡി. മോഹനൻ, ടെക്നിക്കൽ ഓഫീസർ ജി. ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഗിരിജാകുമാരി, ഹരികുമാർ, പി.ടി.എ അംഗം പോത്തൻകോട് ബാബു, സ്റ്റാഫ് സെക്രട്ടറി വി.വിനോജ്, സ്കൂൾ എച്ച്.എം എം.ആർ.മായ, മാനേജർ വി.രമ, അതുല്യ ജയൻ തുടങ്ങിയവർ സംസാരിച്ചു.
വരുന്നത് തെക്കൻ ജില്ലകളിലെ
ആദ്യ വോളിബാൾ സ്കൂൾ പരിശീലന കേന്ദ്രം
തെക്കൻ ജില്ലകളിലെ ആദ്യ വോളിബാൾ സ്കൂൾ പരിശീലനകേന്ദ്രമാണ് ലക്ഷ്മിവിലാസം സ്കൂളിൽ പ്രവർത്തനം ആരംഭിക്കുന്നത്.
അക്കാഡമിയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് വോളിബാൾ പരിശീലകനായിരുന്ന എസ്.ടി. ഹരിലാലിനാണ് അക്കാഡമിയുടെ ചുമതല.
സ്കൂളിനെ സോഷ്യൽ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. അടുത്ത മാസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ സർവകലാശാലകൾ പങ്കെടുക്കുന്ന ഇന്ത്യൻ സൗത്ത് സോൺ യൂണിവേഴ്സിറ്റി വോളിബാൾ ടൂർണമെന്റും മികച്ച സ്പോർട്സ് ഹോസ്റ്റൽ ടീമുകളെ പങ്കെടുപ്പിച്ച് ആൾ കേരള സ്കൂൾ ടൂർണമെന്റും സ്പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടത്തും.
പി. പ്രവീൺ, അക്കാഡമി സെക്രട്ടറി