കോവളം: സ്വന്തമായി ഒരു പിടി മണ്ണ് എന്ന സ്വപ്നം ബാക്കിയാക്കി ഈ ലോകത്തോട് വിടപറഞ്ഞ രജനിയുടെ മക്കൾക്ക് ഭൂമിയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് നഗരസഭ. ഇവർ ഉൾപ്പെടെ ഇവിടെ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾക്കാണ് നഗരസഭയുടെ കരുണയിൽ മൂന്ന് സെന്റ് ഭൂമി ലഭിക്കുന്നത്. ഇരുപത്തിമൂന്ന് വർഷം മുമ്പ് തിരുവല്ലം ജംഗ്ഷനിൽ പാലത്തിന് താഴെ പുറമ്പോക്കിലുണ്ടാക്കിയ വിളക്കു മാടത്തിന്റെ കഥയ്ക്ക് ഇതോടെ പരിസമാപ്തിയായി.
നഗരസഭയുടെ പട്ടികജാതി വികസന പദ്ധതിയിലുൾപ്പെടുത്തിയാണ് വസ്തു ലഭ്യമാക്കിയത്. ഇതിലേക്കായി ഓരോ കുടുംബത്തിനും ആറ് ലക്ഷം രൂപ വീതമാണ് ലഭിച്ചത്. ശാലിനിക്ക് പുഞ്ചക്കരി വാർഡിലെ മേനിലത്തും, ശാന്തിനി, രാജേഷ് എന്നിവർക്ക് പൂങ്കുളം വാർഡിലെ കല്ലടിച്ചാൻ മൂലയ്ക്ക് സമീപവുമാണ് ഭൂമി ലഭിച്ചത്. ആറ് പിഞ്ചു കുഞ്ഞുങ്ങളടക്കം 12 പേരാണ് നാലു ഭാഗവും മറച്ച തകര ഷീറ്റിന്റെയും കീറിയ സാരികൾ കൊണ്ടും ഓലക്കീറുകൊണ്ടും ഉണ്ടാക്കിയ മാടത്തിൽ കഴിഞ്ഞുവന്നത്. ഇഴജന്തുക്കളുടെ ശല്യത്തോടെ പ്രാണൻ കൈപ്പിടിയിൽ ഒതുക്കിയാണ് ജീവിതം നയിച്ചത്. വർഷങ്ങളായി ഭൂമിയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സർക്കാർ ഓഫീസുകളടക്കം കയറിയിറങ്ങി മടുത്തശേഷം ഒടുവിൽ നിരാശയോടെ ജീവിതം കഴിച്ച് കൂട്ടുകയായിരുന്നു.
കോവളം കഴക്കൂട്ടം ബൈപാസ് നാലുവരിപ്പാത നിർമ്മാണം ആരംഭിച്ചതോടെ ഇവർ എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കയിലായി. ഇതിനിടയിൽ തിരുവല്ലം ഭാഗത്തെ സർവീസ് റോഡ് നിർമ്മാണവുമായിബന്ധപ്പെട്ട് ബൈപാസ് അധികൃതർ ഇവിടെനിന്ന് ഒഴിഞ്ഞുമാറാൻ ആവശ്യപ്പെട്ടു. എന്നാൽ സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമില്ലാത്ത കുടുംബം വിഷാദരായി. അപ്പോഴും സർക്കാരിന്റെ കരുണയ്ക്കായി എല്ലാ വാതിലുകളും മുട്ടി. പക്ഷേ നിരാശയായിരുന്നു ഫലം. ഒടുവിൽ കേരളകൗമുദി ഇവരുടെ ദുരിതാവസ്ഥ കഴിഞ്ഞ ജൂൺ 5 ന് പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത അധികാരികളുടെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് മേയർ വി.കെ. പ്രശാന്ത്, വാർഡ് കൗൺസിലർ ഗീതാകുമാരി തുടങ്ങി ഏതാനും സുമനസുകളുടെ ശ്രമഫലമായി വസ്തു ലഭിക്കാൻ സഹായകമായി.