തിരുവനന്തപുരം: തമ്പാനൂർ ബസ് ടെർമിനലിന്റെ ആളനക്കമില്ലാത്ത മുകളിലത്തെ നിലയിൽ താമസിക്കാൻ ആര് വരാനാണ്, അതും രാത്രിയിൽ എന്നു തുടങ്ങുന്ന കുശുമ്പൻ ചോദ്യങ്ങളെ അപ്രസക്തമാക്കി തമ്പാനൂരിലെ 'എന്റെ കൂട് ' എന്നും ഹൗസ് ഫുള്ളാണ്.
കഴിഞ്ഞ എട്ടിന് ഉദ്ഘാടനം കഴിഞ്ഞ അന്നു മുതൽ രാത്രി കഴിച്ചു കൂട്ടാൻ ഇവിടെയെത്തുന്നവരുടെ എണ്ണം നാല്പതിലേറെയാണെന്നതാണ് പദ്ധതി സമ്പൂർണ വിജയമെന്ന് പറയാൻ കാരണം. നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ തമ്പാനൂർ ബസ് ടെർമിനലിലെ എട്ടാം നിലയിലാണ് 'എന്റെ കൂട്" എന്ന ഈ രാത്രികാല അഭയകേന്ദ്രം പ്രവർത്തിക്കുന്നത്. നഗരത്തിൽ നിരാലംബരായി എത്തിച്ചേരുന്ന നിർദ്ധനരായ വനിതകൾക്കും കൂടെയുള്ള 12 വയസു വരെയുള്ള കുട്ടികൾക്കും വൈകിട്ട് 5 മുതൽ രാവിലെ 7 മണി വരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നൽകുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജയാണ് നിർവഹിച്ചത്.
50 പേർക്കാണ് ഒരേ സമയം ഇവിടെ താമസിക്കാൻ സാധിക്കുക. നഗരത്തിൽ പരീക്ഷകൾക്കെത്തുന്നവരടക്കം നിരവധി പേരാണ് ദിവസവും ഇവിടെ താമസിക്കാനെത്തുന്നത്. റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണയിലും ബസ് സ്റ്റാൻഡിലും അന്തിയുറങ്ങേണ്ട സാഹചര്യത്തിൽ നിലവിലെ സൗകര്യത്തിൽ സന്തോഷത്തിലാണ് ഇവിടെയെത്തുന്ന സ്ത്രീകൾ. ഇവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി വെഞ്ഞാറമൂട് സ്വദേശി രഞ്ജിതയുമുണ്ട്. സമ്പൂർണമായും ശീതീകരിച്ച മുറികളാണ് താമസത്തിന് ഒരുക്കിയിരിക്കുന്നത്. സൗജന്യ ഭക്ഷണവും ടി.വിയും മുഴുവൻ സമയ സെക്യൂരിറ്റിയും ഉൾപ്പെടെ താമസം പൂർണമായും സൗജന്യമാണ്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും ഉണ്ട്. 23 ലക്ഷം രൂപയാണ് സൗകര്യങ്ങൾ ഒരുക്കുന്നതിനും വാടകയ്ക്കുമായി വകുപ്പ് മാറ്റിവച്ചിരിക്കുന്നത്. രണ്ടു വാച്ച്മാൻ, മാനേജർ, രണ്ടു മിസ്ട്രസ്മാർ, ഒരു സ്കാവഞ്ചർ എന്നിങ്ങനെ ആറുപേരാണ് മേൽനോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നത്. സൗജന്യ ഭക്ഷണത്തിനായി ഇവിടെ നിന്ന് കൂപ്പൺ ശേഖരിച്ച് ടെർമിനലിലെ നിശ്ചിത ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിക്കാം. ജില്ലാ ഭരണകൂടം, പൊലീസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും ആരംഭിച്ച എന്റെ കൂട് പദ്ധതി വിജയം കണ്ടതോടെ സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും ആരംഭിക്കാനൊരുങ്ങുകയാണ് അധികൃതർ.