തിരുവനന്തപുരം: പ്രളയജലം ഇനിയുമിറങ്ങിയിട്ടില്ലാത്ത വീട്ടിൽ ഭയാശങ്കകളോടെ ഒമ്പതംഗ കുടുംബം. കഴക്കൂട്ടത്ത് ടെക്നോപാർക്കിന് സമീപം പാലസ് നഗറിലെ പനച്ചമൂട് ലെയ്നിൽ എ.വി നിവാസിൽ വത്സലകുമാരിയും കുടുംബവുമാണ് മൂന്ന് മാസത്തിലധികമായി പ്രളയത്തിന്റെ നരകയാതനകൾ അനുഭവിക്കുന്നത്.
മൂന്ന് മാസവും മൂന്ന് വയസുമുള്ള പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നാല് കുട്ടികൾ വീട്ടിലുണ്ട്. ആഗസ്റ്റ് ആദ്യവാരമുണ്ടായ കനത്ത മഴയിലാണ് വീടിനകത്തും പരിസരത്തും വെള്ളം കയറിയത്. മൂന്നു മാസമായി കെട്ടിക്കിടക്കുന്ന വെള്ളത്തിന് അസഹനീയ ദുർഗന്ധമാണിപ്പോൾ. കുടിവെള്ളത്തിനുൾപ്പെടെ ആശ്രയിച്ചിരുന്ന കിണർ പ്രളയത്തിൽ പൂർണമായി മുങ്ങി. വെള്ളം അല്പമൊന്ന് താഴ്ന്നപ്പോൾ കിണർ കാണാനായെങ്കിലും ക്ലോറിനേഷന് ശേഷവും ഉപയോഗിക്കാനായിട്ടില്ല.
വീട്ടാവശ്യത്തിനുള്ള വെള്ളം സമീപത്തെ വീട്ടിൽനിന്ന് ചുമന്നുകൊണ്ടുവരികയാണ്. കിണറിലും പരിസരത്തും വലിയ ശംഖ് ഒച്ചുകൾ പെരുകി. ഇവയെ നശിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളമിറങ്ങാത്തതിനാൽ നശിപ്പിക്കുന്നതിന്റെ ഇരട്ടി പെരുകുകയാണ്. ഇഴജന്തുക്കളും വെള്ളത്തിലുള്ളതായി വീട്ടുകാർ പറയുന്നു. സെപ്ടിക് ടാങ്കും വെള്ളത്തിൽ മുങ്ങിയതോടെ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വെള്ളമാണ് കെട്ടിക്കിടക്കുന്നത്. പുഴുക്കളും കൃമികീടങ്ങളും നിറഞ്ഞതോടെ മാരകരോഗങ്ങൾ പകരുമെന്ന ഭീതിയിലാണിവർ. മാസങ്ങളായി വെള്ളം കെട്ടിനിൽക്കുന്നതോടെ വീടിനകത്തുനിന്നുതന്നെ ഊറ്റിറങ്ങുന്ന സ്ഥിതിയാണ്.
മുറികളിലെല്ലാം ഇപ്പോഴും വെള്ളം തങ്ങിനിൽക്കുന്നുണ്ട്. ഈർപ്പംനിന്ന് വീടിന്റെ ചുമരുകളെല്ലാം വിണ്ടുകീറിത്തുടങ്ങി. വീട്ടിൽനിന്ന് ബൈപാസ് റോഡിൽ എത്തുന്നിടം വരെ 20 മീറ്ററോളം ദൂരത്തിൽ വെള്ളക്കെട്ടാണ്. കോർപറേഷനിൽ നിന്നുൾപ്പെടെ വലിയ മോട്ടോറുകൾ കൊണ്ടുവന്ന് പമ്പ് ചെയ്തിട്ടും വെള്ളം കുറഞ്ഞില്ല. ഈ വെള്ളത്തിൽ കൂടിയാണ് വീട്ടുകാർ അടുത്ത വീട്ടിൽ നിന്നു വെള്ളം കൊണ്ടുവരുന്നതും കുട്ടികൾ സ്കൂളിൽ പോകുന്നതുമെല്ലാം. വെള്ളത്തിൽ മുങ്ങിയതോടെ വൈദ്യുതിബിൽ എഴുതാനോ കേബിൾ ശരിയാക്കാനോ പത്രം ഇടാനോ പോലും വീട്ടിലേക്ക് ആരുമെത്താറില്ല.
ബൈപാസ് നിർമ്മാണത്തിലെ അശാസ്ത്രീയതയെന്ന് പരാതി
ബൈപാസ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് വീട്ടുകാർ പറയുന്നു. ബൈപാസ് നാലുവരിപ്പാതയാക്കിയപ്പോൾ മലിനജലം ഒഴുകിപ്പോകുന്നതിനുണ്ടായിരുന്ന ഓട റോഡിന്റെ മറുഭാഗത്താക്കി. വീടിന്റെ ഭാഗത്തുനിന്നുള്ള വെള്ളം മറുഭാഗത്തെ ഓടയിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള ഓവും നിർമിച്ചില്ല. നാലുവരിപ്പാതയായതോടെ ബൈപാസിന്റെ ഉയരം കൂടിയതും ദുരിതം ഇരട്ടിയാക്കി. ബൈപാസിൽ നിന്നും കഴക്കൂട്ടം കൊട്ടാരത്തിന്റെ ഭാഗത്തുനിന്നുമുള്ള വെള്ളമാണ് പനച്ചമൂട് റോഡുവഴി ഒലിച്ച് വീട്ടിലെത്തുന്നത്. സമീപത്തെ മറ്റു വീടുകൾ ഇതിനെക്കാൾ ഉയരത്തിലായതിനാൽ അവരെ വെള്ളക്കെട്ട് ബാധിച്ചിട്ടില്ല.
പരാതി നൽകിയിട്ടും നടപടിയില്ല
പരാതിയുമായി വീട്ടുകാർ വാർഡ് കൗൺസിലർ കൂടിയായ മേയറുടെ ഓഫീസിലെത്തിയിട്ടും പരിഹാരമായില്ല. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ വീട് തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ്. വീടിന് മുന്നിലൂടെയുള്ള പനച്ചമൂട് റോഡിന്റെ ഉയരം ബൈപാസിന് അനുസൃതമായി ഉയർത്താമെന്നതാണ് കോർപറേഷൻ മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ അതിന് കാലതാമസമെടുക്കും. മാത്രവുമല്ല പനച്ചമൂട് റോഡ് ഉയർത്തുന്നതോടെ വീട് നിൽക്കുന്നയിടം മാത്രം വീണ്ടും കുഴിയിലാകുകയും സമാനസ്ഥിതി തുടരുകയും ചെയ്തേക്കും. ബൈപാസ് റോഡ് ദേശീയപാത അതോറിട്ടിയുടെ കീഴിൽ ഉൾപ്പെടുന്ന കാര്യമായതിനാൽ റോഡ് മറികടന്നുള്ള ഓടനിർമാണം കോർപറേഷന് സാദ്ധ്യമാകുന്നതല്ല.
വീടിന് മുന്നിലൂടെയുള്ള റോഡിൽ ഓട നിർമ്മിച്ചാൽപോലും വെള്ളം പുറത്തേക്ക് കളയാൻ കഴിയാത്ത സാഹചര്യമാണ്. ബൈപാസ് മറികടന്ന് കൊണ്ടുപോയാൽതന്നെ അവിടെനിന്നുള്ള വെള്ളംകൂടി ഇങ്ങോട്ടേക്ക് ഇറങ്ങാൻ സാദ്ധ്യതയുണ്ട്. പി.ഡബ്ളിയു.ഡി റോഡിന്റെ ഉയരംകൂട്ടി റോഡിലെ വെള്ളക്കെട്ടെങ്കിലും ഇല്ലാതാക്കാനാണ് കോർപറേഷന്റെ ശ്രമം. പി.ഡബ്ളിയു.ഡിയുടെ എൻ.ഒ.സി കൂടി വാങ്ങണം. പക്ഷേ അപ്പോഴും വീടിന്റെ ദുരിതം വിട്ടുമാറാത്ത സ്ഥിതിയാണ്. വീടിന്റെ സംരക്ഷണത്തിന് വീട്ടുകാർ തന്നെ എന്തെങ്കിലും ചെയ്യേണ്ടതായിവരും
.
-വി.കെ. പ്രശാന്ത്, മേയർ