തിരുവനന്തപുരം: ഇടയ്ക്കിടെ തലപൊക്കുന്ന ഗുണ്ടകളെ അകത്താക്കി തലസ്ഥാനം ക്ലീനാക്കാൻ സിറ്റി പൊലീസിന്റെ ഗുണ്ടാവേട്ട വീണ്ടും. 15 പേരെ ഗുണ്ടാനിയമം (കാപ്പ) ചുമത്തി കരുതൽ തടങ്കലിലാക്കാൻ ജില്ലാകളക്ടർ കെ. വാസുകിക്ക് ശുപാർശ നൽകിയതിനു പിന്നാലെ, നിലവിൽ ഗുണ്ടാപ്പട്ടികയിലുള്ള ചിലരെ ജയിലിലാക്കുകയും ചെയ്തു. നഗരത്തിൽ അക്രമം കാട്ടിയതിനാണ് ഇവരെ ആറുമാസം കരുതൽ തടങ്കലിലാക്കിയത്. വരുംദിവസങ്ങളിലും ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ തുടരും. ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അകത്താക്കി നഗരം ക്ലീനാക്കണമെന്ന് സിറ്റി പൊലീസിന്, കമ്മിഷണർ പി. പ്രകാശ് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവുമധികം ഗുണ്ടകളുള്ള മൂന്നാമത്തെ ജില്ലയാണ് തിരുവനന്തപുരം. സിറ്റിയിൽ 266ഉം റൂറലിൽ 35ഉം പേർ ഗുണ്ടാപ്രവർത്തനങ്ങളിൽ സജീവമാണെന്നാണ് റിപ്പോർട്ട്. തുടർച്ചയായ നിരീക്ഷണവും കർശന പരിശോധനയും ഏർപ്പെടുത്തിയതിലൂടെ നഗരത്തിൽ ഗുണ്ടാപ്രവർത്തനം കുറഞ്ഞതായാണ് പൊലീസിന്റെ വിലയിരുത്തൽ. ഗുണ്ടാലിസ്റ്റിലുള്ളവർ മിക്കവരും മര്യാദക്കാരായി നടക്കുന്നു. 120 പേർ നിരന്തര നിരീക്ഷണത്തിലാണ്. നിത്യേന 40 മുതൽ 50 വരെ ആളുകളെ പരിശോധിക്കുന്നുണ്ട്. പട്ടികയിലുള്ളവർ എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷനുകളിലെത്തി ഒപ്പിടണം. ഗുണ്ടാപ്പട്ടികയിലുള്ളവരെ ചെറിയ ക്രിമിനൽ കേസുകളിൽ പെട്ടാലും കരുതൽ തടങ്കലിലാക്കും. ചെറിയ പ്രശ്നങ്ങളുണ്ടായാലും പൊലീസ് കൃത്യമായി ഇടപെടുന്നുണ്ട്. കുഴപ്പക്കാരെ ഒതുക്കാനുള്ള പ്രത്യേക പദ്ധതിയാണ് പൊലീസ് നടപ്പാക്കുന്നത്.
മൂന്നോ അതിലധികമോ ക്രിമിനൽകേസുകളിൽ പ്രതികളായവരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. കുഴപ്പക്കാരായവരെ ഗുണ്ടാനിയമം ചുമത്തി അകത്താക്കും. ക്രിമിനൽകേസുകളിൽ പെട്ട 15 പേരെയാണ് പുതുതായി ഗുണ്ടാലിസ്റ്റിൽ പെടുത്തുന്നത്. ഗുണ്ടാപ്പട്ടികയിലുള്ളവരുടെ വിരലടയാളം, ആധാർവിവരങ്ങൾ, വിലാസം, കേസുകളുടെ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ, ഫോൺ നമ്പരുകൾ, രാഷ്ട്രീയ പ്രവർത്തനം, വീട്ടിലേക്കെത്താനുള്ള ജി.പി.എസ് അടക്കമുള്ള വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ഡിജിറ്റൽ വിവരങ്ങളുപയോഗിച്ച് പ്രതികളെ എളുപ്പത്തിൽ പിടികൂടാൻ പൊലീസിന് കഴിയും. കൺട്രോൾറൂം അസി. കമ്മിഷണർ വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ 18 അംഗങ്ങളുള്ള ഗുണ്ടാവിരുദ്ധ സ്ക്വാഡ് തലസ്ഥാനത്തുണ്ട്. സി.പി.ഒ മുതൽ എസ്.ഐ വരെയുള്ള യുവ ഉദ്യോഗസ്ഥരാണിവർ. ഗുണ്ടകളെ നേരിടാനും പിടികൂടാനും സ്ക്വാഡിന് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
പഴയകാല ഗുണ്ടകളിൽ വലിയൊരു വിഭാഗം ഗുണ്ടാപ്രവർത്തനം നിറുത്തി മയക്കുമരുന്ന് കടത്തിലേക്കും വില്പനയിലേക്കും തിരിഞ്ഞിരിക്കുകയാണിപ്പോൾ. നഗരത്തിലെ കുപ്രസിദ്ധരായ ഗുണ്ടകൾ മിക്കവരും ജയിലിലാണെങ്കിലും ചെറുഗ്രൂപ്പുകൾ രൂപപ്പെടുന്നത് പൊലീസിന് തലവേദനയാണ്. മയക്കുമരുന്നുപയോഗിക്കുന്ന യുവാക്കളെ ഗുണ്ടാആക്രമണങ്ങൾക്കായി ബോധപൂർവം ഉപയോഗിക്കുന്നുണ്ട്. പുതിയ ഗ്രൂപ്പുകളുടെ രൂപീകരണം ഏതുവിധേനയും തടയാനാണ് ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. ഗുണ്ടാപ്പട്ടികയിലുള്ള 'മര്യാദക്കാരും' നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി. ഗുണ്ടാ, ക്വട്ടേഷൻ പ്രവർത്തനം, മയക്കുമരുന്ന് വില്പന, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പെടുന്നവരെയാണ് ഗുണ്ടാപ്പട്ടികയിലാക്കുന്നത്.
പുതിയ ഗുണ്ടാസംഘങ്ങൾ രൂപപ്പെടാതിരിക്കാൻ എല്ലാ കരുതലുമെടുക്കും. മൂന്നിലധികം ക്രിമിനൽ കേസുകളിലെ പ്രതികളും ഏഴു വർഷത്തിലധികം ശിക്ഷിക്കപ്പെട്ടവരും നിരീക്ഷണത്തിലാണ്. ഗുണ്ടാപ്പട്ടികയിലുള്ളവരെ ചെറിയ കേസിൽപെട്ടാലും അകത്താക്കും. മര്യാദയ്ക്ക് നടക്കുന്നവരെ കേസിൽപെടുത്തില്ല.
വി. സുരേഷ് കുമാർ
അസി. കമ്മിഷണർ,
കൺട്രോൾ റൂം