കൊച്ചി: മീ ടൂ പരാമർശത്തിൽ മോഹൻലാൽ അൽപം കൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്ന് നടൻ പ്രകാശ് രാജ്. വളരെ സെൻസിബിളും സെൻസിറ്റീവുമായ വ്യക്തിയാണ് മോഹൻലാൽ. എന്നാൽ മീ ടൂ വിഷയത്തിൽ കുറച്ചു കൂടി കരുതൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതായിരുന്നു. ഒരു പ്രമുഖ ഓൺലൈൻ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രകാശ് രാജിന്റെ അഭിപ്രായം.
'മോഹൻലാൽ മനഃപൂർവം പറഞ്ഞതാണെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം അങ്ങിനെ പറഞ്ഞുപോയതാവാം. എന്നാൽ ലാലേട്ടനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. മീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹൻലാലിന്റെ പരാമർശം വിവാദമായ സാഹചര്യത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും വളരെ വലുതാണെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. ''സത്രീകളെ ശരിക്കും ശാക്തീകരിക്കുന്ന പ്രവർത്തനമാണിത്. ഞാനും നിങ്ങളുമൊക്കെ പലപ്പോഴും അറിഞ്ഞോ അറിഞ്ഞാതെയോ ഇരപിടിയന്മാരാവുന്നുണ്ട്. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോൾ നിശബ്‌ദത പാലിച്ചാൽ നമ്മളും കുറ്റവാളികൾക്കൊപ്പമാവുകയാണ്. സ്ത്രീ അനുഭവിക്കുന്ന വേദന, മുറിവ് യഥാർഥമാണ്. അത് കാണാതെ പോകരുത്. മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മൾ മനസിലാക്കുക തന്നെ വേണം.''
രണ്ട് പതിറ്റാണ്ടുകളോളം നീണ്ട ബന്ധമാണ് മോഹൻലാലുമായുള്ളതെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. 'മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ മുതലുള്ള ബന്ധമാണത്. ഇരുവരിൽ അഭിനയിക്കുമ്പോൾ ഞാൻ തുടക്കക്കാരനാണ്. ലാലേട്ടൻ അന്നൊരു സീനിയർ ആർട്ടിസ്റ്റാണ്. പക്ഷേ, അന്ന് അദ്ദേഹം എന്നോട് കാണിച്ച സ്‌നേഹവും കരുതലും വലുതായിരുന്നു. അതിനുശേഷം പ്രിൻസ് എന്നൊരു സിനിമയിലാണ് ഞങ്ങൾ ഒന്നിച്ചത്. ഇപ്പോഴിതാ ഒടിയനിൽ ഞങ്ങൾ വീണ്ടും ഒരുമിച്ചഭിനയിക്കുന്നു' -പ്രകാശ് രാജ് വ്യക്തമാക്കി.