എരുമേലി: ദേവസ്വം ബോർഡിനെതിരെ നിയമനടപടിക്കൊരുങ്ങി എരുമേലിയിലെ വ്യാപാരികൾ. ദേവസ്വം ബോർഡിൽ നിന്നും ലേലത്തിന് പിടിച്ച കടകളിൽ നിന്ന് മുടക്കിയ തുക പോലും വരുമാനമായി ലഭിക്കാത്തതിനെ തുടർന്നാണ് വ്യാപാരികൾ നിയമനടപടിക്കൊരുങ്ങുന്നത്. മണ്ഡലകാല മകരവിളത്തിനായി നട തുറന്ന് ഒരാഴ്ച പിന്നുടുമ്പോഴാണ് വ്യാപാരികൾക്ക് ഈ ദുരവസ്ഥ.
ഒരു ലക്ഷം മുതൽ പത്ത് ലക്ഷം വരെ തുക മുടക്കിയാണ് വ്യാപാരികൾ ദേവസ്വം ബോർഡിൽ നിന്നും കടകൾ ലേലത്തിന് പിടിക്കുന്നത്. സന്നിധാനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കടകളുള്ളതും എരുമേലിയിലാണ്. ചായക്കടകളും ഹോട്ടലുകളും സീസൺ കടകളുമായി 57ഓളം സ്റ്റാളുകളാണ് ദേവസ്വം ബോർഡ് ഇവിടെ ലേലത്തിൽ നൽകിയത്. ശബരിമലയിലും പരിസരത്തും പ്രശ്നങ്ങൾ രൂപപ്പെട്ടതോടെ എരുമേലിയിലെ നിരത്തുകൾ വിചനമാണ്. സോപ്പ്,ചീപ്പ് ഷാംപൂ എന്നീ സാധനങ്ങൾക്ക് ആൾക്കാരുണ്ട്. എന്നാൽ മുടക്കിയ തുക തിരിച്ചുപിടിക്കണമെങ്കിൽ ഈ കച്ചവടം മതിയാവില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.