missing

പാനൂർ: കണ്ണൂർ പാനൂർ സ്വദേശികളായ രണ്ട് വിദ്യാ‌ർത്ഥിനികളെ കാണാതായിട്ട് അഞ്ച് ദിവസമായിട്ടും തുമ്പ് കിട്ടാതെ പൊലീസ്. തിങ്കളാഴ്‌ചയാണ് ദൃശ്യ (20),സയന(20)എന്നിവരെ കാണാതായത്. പതിവുപോലെ കോളേജിലേക്ക് പോയ വിദ്യാർത്ഥിനികളെ രാത്രിയായിട്ടും കാണാത്തതോടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ഇവരുടെ മൊബെെൽ ഫോൺ സിഗ്‌നൽ പിന്തുടർന്ന് അന്വേഷണം നടത്തിയപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അവസാന സിഗ്‌നലോടെ ഫോൺ സ്വിച്ച് ഒാഫ് ആയത്. പിന്നീട് ഇതുവരെ ഫോൺ ഒാൺ ചെയ്തിട്ടില്ല.

മൈസൂർ, തളിപ്പറമ്പ്‌, എറണാകുളം, തിരുവനന്തപുരം ഇവിടങ്ങളിൽ നിന്ന് ഇവരുടെ മുഖച്ഛായ ഉള്ളവരെ പലയിടത്തും കണ്ടതായി വിവരങ്ങളുണ്ട്. എന്നാൽ, ഇവരാണെന്ന് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. കുട്ടിക്കാലം മുതൽ വേർപിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കൾ പറയുന്നു. മണിക്കൂറുകളോളം ഇവർ ഫോണിൽ സംസാരിക്കുന്നത് വീട്ടുകാർ എതിർത്തിരുന്നു. ദൃശ്യയുടെ വിവാഹം നടത്താൻ തീരുമാനിച്ചതായും വിവരമുണ്ട്. സയനയുടെ സ്‌കൂട്ടറിലാണ് ഇരുവരും പാനൂരിൽ എത്തിയത്‌.

റോഡരികിൽ നിർത്തിയിട്ട നിലയിൽ സ്കൂട്ടി കണ്ടെത്തിയിട്ടുണ്ട്. വിദ്യാർത്ഥിനികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർത്ഥിനികളാണ് ഇവർ. കാണാതായ അന്ന് ഇരുവരും പാറാട് ട്രാവൽ ഏജൻസിയിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ വിവരം ചോദിച്ചതായി വിവരമുണ്ട്. തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തിൽ പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.