north-sentinel-island

വാഷിംഗ്‌ടൺ: ആൻഡമാനിലെ നോർത്ത് സെന്റിനൽ ദ്വീപ് നിവാസികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തീവ്ര ക്രിസ്ത്യൻ സംഘടന ആവശ്യപ്പെട്ടു. ദ്വീപിലേക്ക് മതപരിവർത്തനത്തിന് എത്തിയ അമേരിക്കൻ സുവിശേഷകൻ ജോൺ അലൻ ചൗവിന്റെ മരണത്തിന് കാരണക്കാർ ഇവിടെ താമസിക്കുന്ന ഓംഗാ വംശജരാണെന്നും ഇക്കൂട്ടർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഓർഗനൈസേഷൻ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന സംഘടനയാണ് ആവശ്യപ്പെട്ടത്.

അതേസമയം, പുറത്തുള്ളവർക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള സെന്റിനൽ ദ്വീപിലേക്ക് അനധികൃതമായി കടന്നതും നിർബന്ധിത മതപരിവർത്തനം നടത്തിയതും ഇന്ത്യയിലെ നിയമങ്ങൾക്ക് എതിരാണെന്നിരിക്കെ ഇത്തരമൊരു ആവശ്യം ഉയർന്നത് വിവാദത്തിന് കാരണമായിട്ടുണ്ട്. വിദേശ സഹായത്തോടെ ക്രിസ്‌ത്യൻ മിഷണറി പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് ജോൺ അലന്റെ മരണ വാർത്ത പുറത്ത് വന്നത്. എന്നാൽ സെന്റിനൽ ദ്വീപിലേക്ക് മതപരിവർത്തനത്തിന് പോയതിനെ സംഘടന പിന്തുണയ്‌ക്കുന്നില്ല. ഇന്ത്യയിലെ നിയമം വഴി സംരക്ഷണം ലഭിച്ചിട്ടുള്ള സെന്റിനലുകളുടെ അടുത്തേക്ക് മതപരിവർത്തനത്തിന് പോയത് ശരിയായില്ല. ദ്വീപിലേക്ക് വരുന്നവരെയെല്ലാം കൊല്ലുന്ന ശീലമുള്ളവരാണ് സെന്റിനലുകളെന്ന് അദ്ദേഹം ഓർക്കണമായിരുന്നുവെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

north-sentinel-island

ആരാണ് സെന്റിനൽസ്?

അൻഡമാനിലെ വടക്കൻ പ്രദേശത്തെ ഉൾക്കാടുകളിൽ അധിവസിക്കുന്ന നീഗ്രോ വിഭാഗത്തിൽ പെടുന്ന ആദിവാസി വിഭാഗം. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. 2000 വർഷങ്ങളായി പ്രദേശത്ത് വസിക്കുന്നതായി കണക്കാക്കുന്നു. വെറും 20 സ്വയർ മൈൽ മാത്രം വിസ്തൃതിയുള്ള ദ്വീപ് കണ്ടൽ കാടുകളാൽ ചുറ്റപ്പെട്ടതാണ്. ജോൺ അലൻ ചൗവിനെ അമ്പെയ്ത് കൊന്ന സെന്റിനലീസ് ഗോത്രവിഭാഗക്കാരെ ലോകത്തിന്റെ മാറ്റങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ല. വർഷങ്ങളായി ആരുമായും ബന്ധമില്ലാതെ ഉൾക്കാടുകളിലാണിവർ താമസിക്കുന്നത്. മറ്റുള്ളവർക്ക് കടന്നുചെല്ലാൻ സാധിക്കാത്തതിനാൽ ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങളും ലഭ്യമല്ല.

സംരക്ഷണം ഇങ്ങനെ

ഇന്ത്യ ഗവൺമെന്റിന്റെ 1956ലെ അൻഡമാൻ നിക്കോബാർ ഗോത്ര സംരക്ഷണ നിമയപ്രകാരം സംരക്ഷിത ആദിവാസി, ഗോത്ര മേഖലകളിലേക്ക് പ്രവേശനാനുമതിയില്ല. ഗോത്രജനതയുടെ ചിത്രം പകർത്തുന്നതും കുറ്റകരമാണ്.

'മനുഷ്യർ" തീണ്ടാതെ

പുറംലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. 1991ൽ ഒരു സംഘം നരവംശശാസ്ത്രജ്ഞരിൽ നിന്ന് തേങ്ങ സ്വീകരിച്ചതായി രേഖകൾ. വിഷം പുരട്ടിയ അമ്പ്, കത്തി, കല്ല് തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച ശിലായുഗ മനുഷ്യരെ പോലെ വേട്ടയാടിയാണ് ഇവർ ഇന്നും ജീവിക്കുന്നത്.

എണ്ണത്തിൽ കുറവ്

1901 -1921: 117

1931: 50

1961: 50

1991: 23

2001: 39

ഗോത്രവിഭാഗത്തോട് ക്ഷമിച്ചിരിക്കുന്നു

മകൻ ജോൺ അലൻ ചൗവിനെ അമ്പെയ്തുകൊന്ന സെന്റിനലീസ് ഗോത്രവിഭാഗക്കാരോട് ക്ഷമിച്ചതായി ചൗവിന്റെ കുടുംബം അറിയിച്ചു.