കണ്ണൂർ: അടുത്ത മാസം ഉദ്ഘാടനം നിർവഹിക്കാനിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിനെതിരെ പരാതിയുമായി യുവതിയും കുടുംബവും രംഗത്ത്. വിമാനത്താവളത്തിന്റെ റൺവേ നിർമ്മിച്ചത് തന്റെ കുടുംബത്തിന്റെ ഭൂമി കൈയേറിയെന്നാരോപിച്ചാണ് മുംതാസ് എന്ന യുവതി പരാതിയുമായി രംഗത്തെത്തിയത്. ഒരേക്കർ ഭൂമിയിൽ ഏൺപതേകാൽ സെന്റ് ഭൂമിയുടെ നഷ്ടപരിഹാരം മാത്രമാണ് കിയാൽ അധികൃതർ ഭൂവുടമയായ കെ.മുംതാസിന് നൽകിയതെന്നാണ് പരാതി. ഒരേക്കർ ഭൂമി രേഖയിലുണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു.
1999ലാണ് മുംതാസിന്റെ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തത്. പത്തൊൻപതേ മുക്കാൽ സെന്റ് ഭൂമി എറ്റെടുക്കാതെ ആധാരം മടക്കി നൽകി. പിന്നീട് ഇവിടേക്ക് മുംതാസിന് കയറാൻ സാധിച്ചിട്ടില്ല. രണ്ടാംഘട്ടത്തിൽ ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും നടപ്പായില്ല. ഇതോടെ കോടതിയെ സമീപിച്ച് 2013ൽ അനുകൂല വിധി നേടി. ഭൂമിമാത്രം ഏറ്റെടുത്തില്ല.
അടുത്തദിവസം വീണ്ടും കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. റവന്യൂവകുപ്പാണ് ഭൂമി ഏറ്റെടുത്ത് തന്നതെന്നാണ് കിയാലിന്റെ വിശദീകരണം. പരാതികൾ ഉയർന്നതോടെ റവന്യൂവകുപ്പ് അന്വേഷണം ആരംഭിച്ചു.