തിരുവനന്തപുരം: സസ്ഥാന ചലച്ചിത്ര അക്കാദമിയ്‌ക്കെതിരെ വിമർശനവുമായി സംവിധായകൻ ഷാജി.എൻ.കരുൺ രംഗത്ത്. തന്റെ പുതിയ ചിത്രമായ 'ഓള്' ഗോവ ചലച്ചിത്ര മേളയിലടക്കം സ്വീകാര്യത ലഭിച്ചിട്ടും കേരള ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്താത്തത് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നവരുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഷാജി എൻ കരുൺ പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'വളരെ ദുഖകരമായ ഒരു കാര്യമാണത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സ്ഥാപക ചെയർമാനാണ് ഞാൻ. എന്നിട്ടും കഴിഞ്ഞ വർഷം ഐ.എഫ്.എഫ്.കെയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സിഗ്‌നേച്ചർ ഫിലിമിൽ എന്റെ ഒരു ചിത്രത്തെ കുറിച്ചും പരാമർശമുണ്ടായില്ല. അത് മറന്നു പോയതെന്താണെന്നും അറിയില്ല. എന്നാൽ അതിന്റെ പേരിൽ ചലച്ചിത്ര അക്കാദമിയെ ഒരുതരത്തിലും കളങ്കപ്പെടുത്താൽ ഞാൻ ഉദ്ദേശിക്കുന്നില്ല. കാരണം അത് ഉണ്ടാക്കിയത് ഞാനാണ്. മറ്റൊന്ന് അതിന് നേതൃത്വം കൊടുക്കുന്ന സർക്കാർ നമുക്ക് വളരെ ഇഷ്‌ടമുള്ള ആൾക്കാരുമാണ്' - ഷാജി എൻ കരുൺ പറഞ്ഞു.