sabarimala-protest

ദുബായ്: ശബരിമല വിഷയത്തിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്‌റ്റുകളിൽ ഭൂരിഭാഗവും യു.എ.ഇയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഉപഭോക്താക്കളുടേതാണെന്ന് സൂചന. കേരള പൊലീസിന്റെ ഹൈടെക്, സൈബർ സെല്ലുകൾ നടത്തിയ അന്വേഷണത്തിൽ ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ശബരിമല വിഷയത്തിന് ഊർജം പകരുന്ന രീതിയിലുള്ള പേരുകളിട്ട് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകൾ രൂപീകരിച്ചായിരുന്നു സംഘത്തിന്റെ വിദ്വേഷ പ്രചരണം. ഇത്തരത്തിൽ ആയിരത്തോളം സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പൊലീസിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി പൊതുജനങ്ങൾ ശ്രദ്ധയിൽ പെടുത്തുന്ന കാര്യങ്ങളും അന്വേഷണ വിധേയമാക്കുന്നുണ്ട്.

അതേസമയം, വിദേശത്ത് നിന്ന് സോഷ്യൽ മീഡിയയിലൂടെ പോസ്‌റ്റുകളിട്ടാൽ കേസുണ്ടാകില്ലെന്ന തെറ്റിദ്ധാരണയാണ് ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. എന്നാൽ വ്യാജപേരുകളിൽ തുടങ്ങിയ അക്കൗണ്ടുകളുടെ ഉടമകളെപ്പോലും കണ്ടെത്താനാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ വിശദീകരിക്കുന്നത്. പ്രൊഫൈൽ വിവരങ്ങൾ ശേഖരിച്ച് ഫേസ്ബുക്ക് അധികൃതരോട് മറ്റ് വിവരങ്ങൾ ശേഖരിക്കുകയാണ് ആദ്യപടി. പിന്നീട് ഇത്തരം പോസ്‌റ്റുകൾ ഇടുന്ന ആളുകൾ താമസിക്കുന്ന രാജ്യത്തെ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇത്തരത്തിൽ ചിലരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായും പൊലീസ് വൃത്തങ്ങൾ സൂചന നൽകി.