ഹെെദരാബാദ്: തിരഞ്ഞെടുക്കപ്പെട്ട ശേഷം വാഗ്‌ദാനം ലംഘിച്ചാൽ വോട്ടർമാർക്ക് തന്നെ അടിക്കാനുള്ള ചെരുപ്പ് നൽകി സ്ഥാനാർത്ഥി. തെലുങ്കാനയിലെ കൊരുട്ല മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി അകുല ഹനുമന്ദയാണ് ചെരുപ്പ് നൽകിയത്. ചെരുപ്പ് നൽകുന്നതിനോടൊപ്പം, വോട്ട് നൽകാനും അഭ്യർത്ഥിക്കുന്നുണ്ട്. “ഞാൻ ഒരു എം.എൽ.എ ആയതിനു ശേഷം ഈ മണ്ഡലത്തിന് നൽകിയ വാഗ്‌ദാനങ്ങൾ ലംഘിച്ചാൽ എന്നെ ചെരുപ്പ് കൊണ്ട് അടിച്ചോളൂ“ എന്നാണ് ഹനുമന്ദ് പറയുന്നത്.
തിരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോൾ ചെരുപ്പ് പെട്ടി താങ്ങാനായി ഒരു ചെറുപ്പക്കാരനെയും കൂടെക്കൂട്ടിയിട്ടുണ്ട്. ചെരുപ്പ് മാത്രമല്ല, ഹനുമന്ദിന്റെ രാജിക്കത്തും മുൻകൂട്ടി തയ്യാറാണ്. ചെരുപ്പ് കൈമാറി വോട്ട് തേടുന്ന ഹനുമന്ദിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വെെറലാണ്. ഡിസംബർ 7നാണ് തിരഞ്ഞെടുപ്പ് നടക്കുക.