കോഴിക്കോട്: എസ്.പി.യതീഷ് ചന്ദ്ര എങ്ങനെ പെരുമാറുന്നുവെന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയോടും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടും അദ്ദേഹം പെരുമാറിയതിൽ തെറ്റില്ലെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രതികരണം. കേന്ദ്രമന്ത്രിയോട് ശബരിമലയിലെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കുകയാണ് എസ്.പി ചെയ്തതെന്നും അവർ വ്യക്തമാക്കി. കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.
അടുത്തിടെയുണ്ടായ പ്രളയത്തെ തുടർന്ന് ശബരിമലയിലെ സ്ഥിതി മോശമാണ്. നിലയ്ക്കലിക്ക് വാഹനങ്ങൾ കടത്തിവിട്ടാൽ പാർക്കിംഗ് പ്രശ്നങ്ങളുണ്ട്. കേന്ദ്രമന്ത്രിയ്ക്ക് അദ്ദേഹത്തിന്റെ വാഹനത്തിൽ പോകാമെന്നും അകമ്പടി വാഹനങ്ങൾ കടത്തിവിടാൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് യതീഷ് ചന്ദ്ര പറഞ്ഞത്. അങ്ങനെ പറഞ്ഞത് തന്റെ ഔദ്യോഗിക നിർവഹണത്തിന്റെ ഭാഗമാണ്. കെ.പി ശശികലയെ എസ്.പി ശബരിമലയിൽ തടഞ്ഞിട്ടില്ല, പേരക്കുട്ടിയുടെ ചോറൂണ് കഴിഞ്ഞാൽ ശബരിമലയിൽ നിന്ന് മടങ്ങാമെന്ന് എഴുതി വാങ്ങുകയാണുണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.പി.ശശികലയ്ക്കും ശോഭാ സുരേന്ദ്രനും എന്തും പറയാമെന്നായി. അവരുടെ പേരെടുത്ത് പറയാൻ പോലും താനാഗ്രഹിക്കുന്നില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അവരുടെ പേരെടുത്ത് പറയാതെ നിർവാഹമില്ലെന്നും അവർ വ്യക്തമാക്കി.
ശബരിമലയിലെ ക്രമസമാധാനനില തകരാതെ നോക്കാനാണ് അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. ശബരിമലയിൽ ഭക്തർക്ക് കൂട്ടമായി തൊഴാനുള്ള സൗകര്യമുണ്ടെന്നും അത് നിരോധനാജ്ഞയിൽ പെടില്ലെന്നും അവർ കൂട്ടിച്ചേർത്തു.