sp-yatheesh-chandra

തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനുമായി നിലയ്ക്കലിൽ വാഗ്വാദത്തിലേർപ്പെട്ട എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരായുള്ള പരാതിയിൽ പ്രിവിലേജ് കമ്മിറ്റിക്ക് താക്കീത് മുതൽ ജയിലിൽ അടയ്‌ക്കാൻ വരെ അധികാരമുണ്ടെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. ഉദ്യോഗസ്ഥർ ക്ഷമാപണം നടത്തുന്നതോടെ നടപടികൾ അവസാനിപ്പിക്കാറാണ് പതിവെന്നും താൻ ചെയർമാനായിരിക്കെ, ഡൽഹി പൊലീസ് കമ്മിഷണർക്കെതിരെ അവകാശലംഘന നടപടി തുടങ്ങിയെങ്കിലും ക്ഷമ പറഞ്ഞതോടെ അവസാനിപ്പിച്ചെന്ന് കുര്യൻ കൂട്ടിച്ചേർത്തു. ആറു വർഷം കമ്മിറ്റി ചെയർമാൻ സ്ഥാനത്തിരുന്ന ആളാണ് പി.ജെ.കുര്യൻ.

ലോക് സഭാ സെക്രട്ടറിക്ക് കേന്ദ്രമന്ത്രി പരാതി നൽകിയാൽ അത് കാബിനറ്റ് സെക്രട്ടറിക്ക് കൈമാറും. കാബിനറ്റ് സെക്രട്ടേറിയറ്റ് പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറിയാൽ അന്വേഷിച്ചേ പറ്റൂ. കേന്ദ്രമന്ത്രിയോട് സംസാരിക്കേണ്ട രീതിയിലല്ല യതീഷ് സംസാരിച്ചത്. പ്രോട്ടോക്കോളിൽ എല്ലാ ഉദ്യോഗസ്ഥർക്കും മുകളിലാണ് മന്ത്രി. താങ്കൾ എന്നു വിളിച്ചുള്ള തർക്കം ഗൗരവമുള്ളതാണ്- പി.ജെ. കുര്യൻ വ്യക്തമാക്കി.

ശബരിമല സന്ദർശനത്തിനിടെ നിലയ്ക്കലിൽ വച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണൻ പാർലമെന്റ് ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജന് മന്ത്രി പരാതി നൽകിയിട്ടുണ്ടായിരുന്നു. തനിക്കുണ്ടായ അപമാനം വിവരിച്ചാണ് മന്ത്രി പരാതിയുമായി സ്പീക്കറെ സമീപിച്ചത്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതി പ്രിവിലേജ് കമ്മിറ്റിയാണ് അന്വേഷിക്കുക. ബി.ജെ.പി ദേശീയവക്താവ് മീനാക്ഷിലേഖിയാണ് കമ്മിറ്റി അദ്ധ്യക്ഷ. ശിക്ഷ കിട്ടാനിടയില്ലെങ്കിലും യതീഷിന് പല തവണ പാർലമെന്റിൽ കയറിയിറങ്ങി കമ്മിറ്റി മുമ്പാകെ മൊഴി നൽകേണ്ടിവരും.