chennithala

തിരുവനന്തപുരം: ശബരിമലയിലെ പ്രശ‌്നങ്ങൾക്കെല്ലാം കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ശബരിമലയിൽ ഭക്തജനങ്ങൾക്ക് വരുന്നില്ല. നടവരവ് കുറയുകയാണ്. മുഖ്യമന്ത്രിയാണ് ഇതിനു കാരണം. ഇവിടെ നടക്കുന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കള്ളക്കളിയാണ്. ദേവസ്വം ബോർഡ് കോടതിയിൽ സാവകാശം ചോദിച്ചിരിക്കുന്ന സമയത്ത് സർക്കാർ പറയുന്നത് സ്ത്രീകൾക്ക് ദർശനത്തിനായി രണ്ട് ദിവസം മാറ്റി വയ്‌ക്കാമെന്നാണ്. ഇതിൽ ആരു പറയുന്നതാണ് ജനങ്ങൾ വിശ്വസിക്കേണ്ടത്' -ചെന്നിത്തല ചോദിച്ചു. ക്ളിഫ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

'മുഖ്യമന്ത്രി ബി.ജെ.പിയുടെ തലതൊട്ടപ്പനാണ്. ആർക്കും വേണ്ടാതെ ഒറ്റപ്പെട്ട് നിൽക്കുന്ന ബി.ജെ.പിയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തുന്നത്. പ്രളയാനന്തര കേരളത്തിന് 100 ദിവസം പൂർത്തിയാകവെ എന്തു പ്രവർത്തനമാണ് ഇതുവരെ നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കണം. ശബരിമലയുടെ മറവിൽ ഒരു വെടിയ്‌ക്ക് രണ്ട് പക്ഷി എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കോൺഗ്രസിനെ ദുർബലപ്പെടുത്തി ബി.ജെ.പിയെ ശക്തിപ്പെടുത്തുക എന്നാതാണ് പ്രധാന ഉദ്ദേശം.

നവോത്ഥാന മൂല്യങ്ങളെ പറ്റി സംസാരിക്കുന്ന സർക്കാർ ശബരിമലയിൽ എന്തു പ്രവർത്തനമാണ് നടത്തിയത്. അസൗകര്യങ്ങളുടെ നടുവിൽ കിടക്കുന്ന പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. സർക്കാർ ഒരു പൂർണപരാജയം എന്നു തന്നെയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്' -ചെന്നിത്തല പറഞ്ഞു.