അയോദ്ധ്യ: രാമക്ഷ്രേതം നിർമിക്കണമെന്നാവശ്യപ്പെട്ട് നാളെ സംഘ്പരിവാറിന്റെ ധരംസഭ നടക്കാനിരിക്കെ സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന അയോദ്ധ്യയിലും ഫൈസാബാദിലും നിരോധനാജ്ഞ ലംഘിച്ച് വി.എച്ച്.പിയുടെ റോഡ് ഷോ. വ്യാഴാഴ്ച നടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത ബജ്റംഗ്ദൾ പ്രവർത്തകർ രാമക്ഷേത്രം നിർമിക്കുമെന്ന് മുദ്രാവാക്യം മുഴക്കി. രണ്ടു നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിക്കും.
ദർശനത്തിന് എത്തുന്നവരെ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന് ഫൈസാബാദ് ഡിവിഷനൽ കമ്മിഷണർ മനോജ് മിശ്ര പറഞ്ഞു. അതേസമയം, ബാബ്റി മസ്ജിദ് തകർത്ത സമയത്ത് നടന്നതുപോലുള്ള കലാപം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് അയോദ്ധ്യയിലെ വ്യാപാരികൾ. അതുകൊണ്ടുതന്നെ നാളെ നടക്കാനിരിക്കുന്ന സംഘ്പരിവാറിന്റെ സമ്മേളനം ബഹിഷ്കരിക്കാനാണ് ഇവരുടെ തീരുമാനം. അതേസമയം, വി.എച്ച്.പിയുടെ റോഡ്ഷോ ഫൈസാബാദിൽ പൊലീസിന്റെ കനത്ത സുരക്ഷയിലാണ് കടന്നുപോയതെന്നാണ് റിപ്പോർട്ടുകൾ.