പാരീസ്: വിവാദമായ റാഫേൽ വിമാന ഇടപാടിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിലും പരാതിയുയർന്നതായി റിപ്പോർട്ടുകൾ. പ്രമുഖ ഫ്രഞ്ച് എൻ.ജി.ഒയായ ഷെർപ്പയാണ് ഫ്രാൻസിലെ ഫിനാൻഷ്യൽ പ്രോസിക്യൂട്ടർക്ക് പരാതി നൽകിയിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകൾക്കുവേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒയാണ് ഷെർപ്പ. റാഫേൽ വിമാന ഇടപാടിലെ നിബന്ധനകളെക്കുറിച്ചും എന്തടിസ്ഥാനത്തിലാണ് റിലയൻസ് ഡിഫൻസിനെ ദസോ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് വിശദമാക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. കൂടാതെ, റാഫേൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടോ എന്നും ആർക്കെങ്കിലും അനർഹമായ നേട്ടമുണ്ടായോ എന്നതും സർക്കാർ ഏജൻസികളെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഷെർപ്പയുടെ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഫ്രഞ്ച് വിമാനനിർമാതാക്കളായ ദസോ ഏവിയേഷനിൽനിന്ന് ഇന്ത്യ 36 റാഫേൽ വിമാനങ്ങൾ വാങ്ങിയ ഇടപാടിലാണ് ഇന്ത്യയിലും ഫ്രാൻസിലും ഒരുപോലെ വിവാദങ്ങൾ ഉടലെടുത്തത്. നേരത്തെ 126 വിമാനങ്ങൾ വാങ്ങാൻ ഉദ്ദേശിച്ച ഇടപാടിലാണ് പിന്നീട് വിമാനങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങിയത്. ഇതിനുപുറമേ ദസോയുടെ ഇന്ത്യയിലെ നിർമാണ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തതും വിവാദത്തിന് കാരണമായിരുന്നു.