pon-radhakrishnan
സന്നിധാനത്ത് വി.മുരളീധരൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന നാമജപം

ശബരിമല: കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, വി. മുരളീധരൻ എം.പി എന്നിവരുൾപ്പെടെ സന്നിധാനത്ത് നാമജപം നടത്തിയവർക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം. പത്തനംതിട്ട ജില്ലാ കളക്ടർ നാമജപത്തിനെതിരെ കേസെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, പൊലീസ് അതിനുള്ള നീക്കവുമായി മുന്നോട്ടെന്നാണ് സൂചന.

ചൊവ്വാഴ്ച രാത്രിയിലാണ് രണ്ട് സംഘങ്ങൾ ഒരേസമയം നാമജപം നടത്തിയത്. ഇതിൽ വടക്കേനടയിലുള്ള സംഘത്തിനൊപ്പം വി.മുരളീധരൻ എം.പി, ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനട തുടങ്ങിയവർ മുൻനിരയിൽ ഉണ്ടായിരന്നു. ബുധനാഴ്ചയും രണ്ട് സംഘങ്ങൾ നാമജപം നടത്തി. ഇതിൽ വടക്കേനടയിൽ നടന്ന നാമജപത്തിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനും പങ്കെടുത്തിരുന്നു.

അതേസമയം നേതാക്കൾ ഇല്ലാതിരുന്ന വ്യാഴാഴ്ച രാത്രിയിൽ നടന്ന നാമജപത്തിൽ പങ്കെടുത്ത 100 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ആറോളം പേരെ തിരിച്ചറിയുകയും ചെയ്തു. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് ഇവരെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രി, എം.പി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന നാമജപത്തിൽ പങ്കെടുത്തവർക്കെതിരെയും കേസെടുക്കാൻ നീക്കം നടക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് റെക്കാർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. കേസെടുക്കാൻ ചില ഉന്നത നിർദേശം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.