ലാഹോർ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനാണ് കോഹ്‌ലിയെങ്കിലും ക്യാപ്ടൻസിയുടെ കാര്യത്തിൽ ധോണിയിൽ നിന്ന് കോഹ്‌ലിക്ക് ഇനിയും ഏറെ പഠിക്കാനുണ്ടെന്നാണ് അഫ്രീദിയുടെ ഉപദേശം. എന്നാൽ,കളിക്കാരനെന്ന നിലയിൽ കോഹ്‌ലിയാണ് എന്റെ ഫേവററ്റെന്നും അഫ്രീദി പറഞ്ഞു.
ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിരാടിനെയും ധോണിയേയും താരതമ്യം ചെയ്തുകൊണ്ട് അഫ്രീദി സംസാരിച്ചത്. ഓസ്‌ട്രേലിയൻ പിച്ചുകൾ ഇപ്പോൾ പഴയതുപോലെയല്ല. ബൗൺസുണ്ടെങ്കിലും ബാറ്റിംഗ് കുറേക്കൂടി എളുപ്പമാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ ബാറ്റിംഗ് നിര മികച്ച പ്രകടനം നടത്തിയാൽ മാത്രമേ പരമ്പര നേട്ടം സ്വപ്‌നം കാണാനാവുവെന്നും അഫ്രീദി പറഞ്ഞു.