erumely-police

കോട്ടയം: ശബരിമല സീസണിൽ മോഷണം ലക്ഷ്യമിട്ട് എരുമേലിയിൽ കറങ്ങി നടന്ന പിതാവും മകനും പിടിയിലായി. എരുമേലി ക്ഷേത്രത്തിനു സമീപത്തു വച്ച് ആന്ധ്രസ്വദേശിയായ രവികിരൺ എന്ന അയ്യപ്പഭക്തനെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ മോഷ്‌ടിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. ചിറക്കടവ് പുതുശേരിയിൽ ജി.സനൽ (46), മകൻ ശാലോമോൻ (19) എന്നിവരെയാണ് എരുമേലി സി.ഐ ടി.ഡി സനൽകുമാർ അറസ്റ്റ് ചെയ്‌തത്.

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കറങ്ങി നടന്നാണ് ഇരുവരുടെയും മോഷണം. മൊബൈൽ ഫോണുകളാണ് ഇരുവരും പ്രധാന ലക്ഷ്യം. മൊബൈൽ ഫോൺ മാത്രം മോഷണം പോകുന്നതിനാൽ പലരും പരാതി നൽകാറില്ല. ഇത് പ്രതികൾ മുതലെടുത്തു. ഇന്നലെ ഉച്ചയോടെ എരുമേലി ക്ഷേത്രത്തിനു സമീപത്ത് എത്തിയ പ്രതികൾ ആന്ധ്രസ്വദേശിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ ബാഗിനുള്ളിൽ പണമുണ്ടായിരുന്നെങ്കിലും, ഇത് ഒഴിവാക്കി മൊബൈൽ ഫോൺ മോഷ്‌ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പ്രദേശത്തെ സി.സി ടി.വി കാമറ പരിശോധിച്ച പൊലീസ് സംഘം ഇവരെ തിരിച്ചറിഞ്ഞു. എരുമേലി ടൗണിലൂടെ ഇരുവരും ബൈക്കിൽ പോകുന്നത് സി.സി.ടി.വി കാമറയിൽ കണ്ട പൊലീസ് സംഘം ഇവരെ പിൻതുടർന്നു. ഒരു മണിക്കൂറോളം പിൻതുടർന്ന ശേഷമാണ് ഇരുവരെയും പിടികൂടാനായത്. പൊലീസ് വാഹനം റോഡിനു കുറുകെ നിർത്തി ബൈക്ക് തടയുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിനും മൊബൈൽ ഫോൺ മോഷണത്തിനും ശാലോമോനെതിരെ കേസുണ്ട്. സനൽ ആദ്യമായാണ് കേസിൽ പ്രതിയാകുന്നത്.

എരുമേലി സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐ ടി.ശ്രീജിത്ത്, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എസ്.ഐ പി.വി വർഗീസ്, എ.എസ്.ഐ എം.എ ബിനോയി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ്, ഷാനവാസ്, റിച്ചാർഡ് സേവ്യ‌ർ, ശ്യാം എസ്.നായർ, ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.