india-china

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം ഡിസംബർ 10ന് നടക്കും. തെക്കു കിഴക്കൻ ചൈനയിലെ കുൻമിങ്ങിൽ വച്ച് ‘ഹാൻഡ് ഇൻ ഹാൻഡ്’ എന്ന പേരിലായിരിക്കും സൈനിക അഭ്യാസം നടക്കുക. രണ്ടാഴ്ച നീളുന്ന അഭ്യാസത്തിൽ ഇന്ത്യയെ സിഖ് ലൈറ്റ് ഇൻഫൻട്രിയുടെ 11-ാം ബറ്റാലിയൻ പ്രതിനിധീകരിക്കും. ദോഖ്ലാം സംഘർഷത്തിനു ശേഷം ഇന്ത്യയും ചൈനയും ആദ്യമായി പങ്കെടുക്കുന്ന സംയുക്ത സൈനിക അഭ്യാസമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംയുക്ത അഭ്യാസത്തിനായി ഇരു സേനകളും ഒന്നിക്കുന്നത്.

ഇന്ത്യയിൽ 2016 ലാണ് ഏറ്റവുമൊടുവിൽ അഭ്യാസം സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിൽ നടത്താനിരുന്ന അഭ്യാസം ദോഖ്ലാം സംഘർഷത്തെ തുടർന്ന് പിൻവലിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും കഴിഞ്ഞ മാർച്ചിൽ വുഹാനിൽ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് സംയുക്ത അഭ്യാസം പുനരാരംഭിക്കുന്നതിന് ചർച്ചകൾ നടന്നത്. അതേസമയം, സൈനിക ബന്ധം സംബന്ധിച്ച നിർണായക ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലെത്തി.