k-surendran

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ അൻപത്തിരണ്ടുകാരിയെ ആക്രമിച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല. അതേസമയം, സുരേന്ദ്രനെതിരെ ആദ്യം നൽകിയ റിപ്പോർട്ടിൽ ഗുരുതര പിഴവുകൾ കടന്നുകൂടിയത് പൊലീസിനെ വെട്ടിലാക്കി. അസ്വാഭാവിക മരണം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇക്കാര്യം സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയതോടെ അധികമായി ചേർത്ത കേസുകളെല്ലാം പൊലീസ് ഒഴിവാക്കി.

ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അറസ്‌റ്റ് ചെയ്‌ത കെ.സുരേന്ദ്രനെതിരെ കോടതിയിൽ നൽകിയ ആദ്യ റിപ്പോർട്ടിൽ കേസ് നമ്പർ 1198/18 എന്നത് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശശിയെന്ന വ്യക്തിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതേ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മാർഗ തടസമുണ്ടാക്കിയതിന് ഓട്ടോ ഡ്രൈവറെ പ്രതിയാക്കിയ കേസ് നമ്പർ 705/ 15ലും സുരേന്ദ്രൻ പ്രതിപട്ടികയിലുണ്ട്. ഈ രണ്ട് കേസിലും സുരേന്ദ്രൻ പ്രതിയല്ലെന്ന് സാമാന്യയുക്തിയുള്ളവർക്ക് മനസിലാകും. കന്റോൺമെന്റ് സ്റ്റേഷനിൽ ബി.ജെ.പി നേതാക്കൾ പ്രതികളായ കേസ് നമ്പർ 1284/18, 1524/17 എന്നിവയിലും സുരേന്ദ്രൻ പ്രതിയല്ലെന്ന് അഭിഭാഷകർ വാദിച്ചു. ഇതോടെ നിലപാടിൽ മലക്കം മറിഞ്ഞ പൊലീസ് സുരേന്ദ്രനെതിരെ ഒമ്പത് കേസുകളുണ്ടെന്നത് തിരുത്തി അഞ്ച് കേസാക്കി.

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെ സുരേന്ദ്രന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ വാറണ്ടുള്ളതിനാൽ കൊട്ടാരക്കര സബ് ജയിലിൽ നിന്നു ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. വൻ പൊലീസ് സുരക്ഷയിലാണ് സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യാൻ വിട്ട് കിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗികരിച്ചില്ല. കൊട്ടാരക്കര ജയിലിൽ അടിസ്ഥാനസൗകര്യങ്ങൾ കുറവായതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിച്ച കോടതി കേസിൽ അൽപ സമയത്തിനകം വിധി പറയും.