തിരുവനന്തപുരം: ശബരിമലയിൽ സുരക്ഷയൊരുക്കുന്ന പൊലീസുകാർക്ക് ആഹാരം വച്ചുവിളമ്പുന്ന പൊലീസ് ക്യാമ്പ് ഫോളോവേഴ്‌സിന് ദുരിതം. പൊലീസ് സേനാംഗങ്ങൾക്ക് പുറമേ ഫയർഫോഴ്‌സ്, ഫോറസ്റ്റ്, എക്‌സൈസ്, ദേവസ്വം ജീവനക്കാർ തുടങ്ങി എല്ലാവർക്കും മൂന്നുനേരവും ആഹാരം തയ്യാറാക്കാൻ ആവശ്യമായ ആളില്ലാത്തതാണ് ഇവരെ ദുരിതത്തിലാക്കിയത്.
സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകളിൽ നിന്നുള്ള ക്യാമ്പ് ഫോളോവേഴ്‌സിനെയാണ് ശബരിമലയിലെ അരഡസനോളം കാന്റീനുകളിൽ ഭക്ഷണം തയ്യാറാക്കാനായി നിയോഗിച്ചിരിക്കുന്നത്. പ്രളയത്തെ തുടർന്ന് ദേവസ്വം കാന്റീൻ അടച്ചിടേണ്ടി വന്നതാണ് മറ്റ് ജീവനക്കാരുടെയും ആഹാരത്തിന്റെ ചുമതല പൊലീസിനെ ഏൽപ്പിക്കാൻ ഇടയാക്കിയത്.
യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സാധാരണ ഉള്ളതിന്റെ ഇരട്ടി പൊലീസുകാരെയാണ് ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഇവരുൾപ്പെടെ ഏകദേശം രണ്ടായിരത്തോളം പേർക്ക് ക്യാമ്പ് ഫോളോവേഴ്‌സ് ഭക്ഷണം തയ്യാറാക്കണം. നിലയ്‌ക്കലും വടശേരിക്കരയും പുതുതായി ആരംഭിച്ചതുൾപ്പെടെ ആറ് പൊലീസ് കാന്റീനുകൾക്കായി 180 ജീവനക്കാരെയാണ് മുഴുവൻ സമയ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. രണ്ട് ഷി്ര്രഫാകുമ്പോൾ 90 പേർ കഷ്ടിച്ചാണ് ഇവിടങ്ങളിൽ ഒരു സമയം ജോലിയുണ്ടാകുക.
പുലർച്ചെ ചുക്കുകാപ്പിമുതൽ രാത്രിവരെ ആഹാരം വച്ചുവിളമ്പാൻ ആവശ്യമായ ആളുകൾ കാന്റീനുകളിലില്ല. ദിവസ വേതനക്കാരായി കൂടുതൽപേരെ നിയമിക്കാമെന്ന് ആഭ്യന്തര വകുപ്പ് ഉറപ്പ് നൽകിയെങ്കിലും ഇത്രയും ദിവസം പിന്നിട്ടിട്ടും ഒരാളെപോലും നിയമിച്ചില്ലെന്നാണ് ക്യാമ്പ് ഫോളോവേഴ്‌സിന്റെ പരാതി.
ടി.എ അല്ലാതെ മറ്റ് അലവൻസുകളൊന്നും ഇവർക്കില്ല. പലർക്കും പനിയും ഉറക്കകുറവ് മൂലമുള്ള അസുഖങ്ങളുണ്ട്. എന്നാൽ, അവധിയെടുക്കാനും കഴിയുന്നില്ല.
കാന്റീൻ മെനു:
പുലർച്ചെ- ചുക്ക് കാപ്പി
രാവിലെ- ദോശ, ഇഡ്ഡലി, ഉപ്പുമാവ്, വട, ചായ, പഴം
ഉച്ചയ്‌ക്ക്- പായസമുൾപ്പടെ ഒമ്പതിനം കറികളുമായി സദ്യ
വൈകിട്ട്- ചായ, പലഹാരം
രാത്രി- ചപ്പാത്തി, കറി, കഞ്ഞി, പയർ, പഴങ്ങൾ