തൃശൂർ: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് പുറത്തിറങ്ങി നടക്കാൻ അവകാശമില്ലെങ്കിൽ പൊലീസിനെയും പുറത്തിറക്കാതിരിക്കാൻ ബി..ജെ.പിക്ക് അറിയാമെന്ന് എം.ടി രമേശ്. ഇത്തരം സമരം വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും നാളെ നിലയ്ക്കലിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ നിരോധനാജ്ഞ ലംഘിക്കുമെന്നും എം.ടി രമേശ് വ്യക്തമാക്കി.
അതേസമയം, ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയിൽ അൻപത്തിരണ്ടുകാരിയെ ആക്രമിച്ച കേസിൽ കെ. സുരേന്ദ്രന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ഇതിനിടെ, സുരേന്ദ്രനെതിരെ ആദ്യം നൽകിയ റിപ്പോർട്ടിൽ ഗുരുതര പിഴവുകൾ കടന്നുകൂടിയത് പൊലീസിനെ വെട്ടിലാക്കി. അസ്വാഭാവിക മരണം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇക്കാര്യം സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയതോടെ അധികമായി ചേർത്ത കേസുകളെല്ലാം പൊലീസ് ഒഴിവാക്കി.