വാഷിംഗ്ടൺ: മോഷണക്കുറ്റത്തിന് രണ്ട് സ്കൂൾ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. ഇവർ മോഷ്ടിച്ചെന്താണെന്നറിയണ്ടേ?. ചെറിയൊരു വിമാനം. വെർണാൽ റീജിയണൽ എയർപോർട്ടിനടുത്ത് വച്ചാണ് കുട്ടിക്കള്ളന്മാരെ പൊലീസ് പൊക്കിയത്.
തട്ടുപൊളിപ്പൻ സിനിമയെ തോൽപ്പിക്കുന്നതാണ് നടന്ന സംഭവം. പതിനാലും പതിനഞ്ചും വയസുള്ളവരാണ് മോഷ്ടാക്കൾ. വീട്ടിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഇറങ്ങിയതാണ് ഇരുവരും. വെറുതേ ഒരു രസത്തിനാണ് വിമാനം അടിച്ചുമാറ്റിയതെന്നാണ് ഇവർ പറയുന്നത്. വീട്ടിൽനിന്ന് ഇറങ്ങിയശേഷം റോഡിൽ കണ്ട ട്രാക്ടർ ആദ്യം അടിച്ചുമാറ്റി. അത് ഒാടിച്ചാണ് വിമാനത്താവളത്തിനടുത്തെത്തിയത്. അപ്പോഴാണ് ഒറ്റഎൻജിനുള്ള വിമാനം താൽക്കാലിക സ്റ്റേഷനിൽ നിറുത്തിയിട്ടിരിക്കുന്നത് കണ്ടത്.
ഒട്ടും താമസിച്ചില്ല, ചാടിക്കയറി വിമാനം ഒാടിച്ചു. ഇതിനുമുമ്പ് നേരേ ചൊവ്വേ ഇവർ വിമാനം പോലും കണ്ടിട്ടുണ്ടായിരുന്നില്ല. അസാധാരണമായി വിമാനം വളരെ താഴ്ന്നുപറക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങളുടെ കിടപ്പുവശം വ്യക്തമായത്. തുടർന്നായിരുന്നു ഇരുവരെയും കസ്റ്റഡിലെടുത്തത്. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും കാര്യം ഗൗരവമുള്ളതാണെന്നാണ് അധികൃതർ പറയുന്നത്.