കൊച്ചി: താരസംഘടനയായ അമ്മ വിദേശത്ത് സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോയ്‌ക്ക് ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി വനിതാ സംഘടനയായ ഡബ്ല്യു.സി.സി രംഗത്ത്. ഈ ആവശ്യമുന്നയിച്ച് വനിതാ സംഘടന ഹൈക്കോടതിയിൽ ഹർജി നൽകി.
ഡിസംബർ ഏഴിന് അബുദാബിയിൽ വച്ചാണ് താരസംഘടന സ്‌റ്റേജ് ഷോ നടത്തുക. ഷോയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത്.
ഹർജി തിങ്കളാഴ്‌ച കോടതി പരിഗണിക്കും. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ താരങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന ഡബ്ല്യു.സി.സിയുടെ ഹർജിക്കൊപ്പമാവും പുതിയ ആവശ്യവും കോടതി പരിഗണിക്കുക.