മൂന്നാഴ്ച മുൻപ് അമ്മയായ വ്യക്തി പുതുതായി അമ്മയായ ആൾക്ക് നൽകിയ ഉപദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കായികതാരം സാനിയ മിർസ തന്റെ ഉറ്റ സുഹൃത്തും നടിയുമായ നേഹ ധൂപിയയ്ക്കാണ് ഉപദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നേഹ ധൂപിയയ്ക്കും അംഗദ് ബേദിക്കും ഒരു പെൺകുഞ്ഞ് പിറന്നത്. മെഹർ ധൂപിയ ബേദി എന്നാണ് കുഞ്ഞിന് പേരിട്ടത്.
നേഹയ്ക്ക് ആശംസ അറിയിക്കുന്ന ട്വീറ്റിലാണ് സാനിയ ഉപദേശം നൽകിയിരിക്കുന്നത്. 'പുതിയ അമ്മയ്ക്ക് കെട്ടിപിടിച്ച് ഉമ്മകൾ.. ഒപ്പം പെൺകുഞ്ഞ് പിറന്നതിൽ ഒരുപാട് ആശംസകളും...ജീവിതം ഇനി ഒരിക്കലും പഴയത് പോലെയാകില്ല. മൂന്നാഴ്ച്ചത്തെ അനുഭവം കൊണ്ട് പറയുകയാണ്' എന്നാണ് സാനിയയയുടെ ട്വീറ്റ്. കഴിഞ്ഞ മാസം 30നാണ് സാനിയയ്ക്കും ക്രിക്കറ്റ് താരം ഷൊയേബ് മാലിക്കിനും ആൺകുഞ്ഞ് ജനിച്ചത്. ഇസാൻ മിർസ മാലിക് എന്ന് പേരിട്ടിക്കുന്ന കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.