പനാജി: ഗോവയിൽ നടക്കുന്ന രാജ്യന്തര ചലച്ചിത്രോത്സവത്തിൽ(ഇഫി)വിവിധ രാജ്യങ്ങളിൽ നിന്നും ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതും അവ ഷെഡ്യൂൾ ചെയ്യുന്നതുമെല്ലാം ഒരു മലയാളി യുവതിയാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ദീപിക സുശീലൻ.ഇഫിയിലെ സീനിയർ പ്രോഗ്രാമറാണ് ദീപികയിപ്പോൾ.
ദീപികയുടെ കഠിനാദ്ധ്വാനമാണ് മേളയിലെ പ്രോഗ്രാമിംഗ് ഇത്ര വിജയകരമായി നടക്കാൻ കാരണം.കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലൂടെയാണ് ഫെസ്റ്റിവൽ പ്രോഗ്രാമിംഗിലേക്ക് ദീപിക കടന്നുവന്നത്.പരേതനായ അഭിഭാഷകൻ സുശീലന്റേയും ആനാട് എസ്.എം.വി.എച്ച്.എസ്.എസിലെ അദ്ധ്യാപികയായ ഗീതയുടെയും രണ്ട് മക്കളിൽ ഇളയ മകളായ ദീപിക പഠിച്ചത് തിരുവനന്തപുരത്താണ്.
കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ നിന്ന് ഒന്നാം റാങ്കും സ്വർണ്ണമെഡലും നേടിയാണ് ജേർണലിസം (എം.സി.ജെ.) പാസ്സായത്.ദീപികയ്‌ക്കൊരു സഹോദരിയുണ്ട് ദേവിക .ന്യൂസിലണ്ടിലാണവർ. തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെയുടെ മീഡിയാ സെല്ലിൽ പ്രവർത്തിച്ചു.അതുവരെ സിനിമയോട് പ്രത്യേകിച്ച് മമതയുണ്ടായിരുന്നില്ല. അവിടെ വച്ച് ഫെസ്‌റ്റിവലിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായ ബീനാപോളാണ് തന്നെ അസിസ്റ്റ് ചെയ്യാമോയെന്ന് ചോദിച്ചത്.പുതിയൊരു മേഖല പഠിക്കാമെന്നു കരുതി ചേരുകയായിരുന്നു. 2010-14 വരെ ബീനയ്‌ക്കൊപ്പം പ്രവർത്തിച്ചു.അതൊരു വലിയ അനുഭവ പരിചയം നൽകിയെന്ന് ദീപിക കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
ബീന രാജിവച്ചപ്പോൾ 19ാമതും ഇരുപതാമതും ഐ.എഫ്.എഫ്.കെയുടെ പ്രോഗ്രാമിംഗ് ദീപിക വിജയകരമായി ചെയ്‌തു.ഹൃസ്വ ചിത്രമേള യിലും ദീപികയായിരുന്നു പ്രോഗ്രാമർ.ചലച്ചിത്ര അക്കാഡമി പ്രോഗ്രാം മാനേജരെന്ന പദവി നൽകി.പിന്നീട് സ്ഥിര നിയമനം നൽകുകയും ചെയ്‌തു.ബീന അക്കാഡമിയിലേക്ക് തിരിച്ചു വന്ന ശേഷമാണ് ദീപിക അവിടെ നിന്നും പടിയിറങ്ങിയത്.പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഇഫിയിൽ പ്രോഗ്രാമറായി കഴിഞ്ഞവർഷമെത്തിയത്.നാട്ടിലെ സ്ഥിരജോലി ഉപേക്ഷിച്ച് പോകുന്നതിനെക്കുറിച്ച് പലരും ഉത്ക്കണ്ഠ പ്രകടിപ്പിച്ചെങ്കിലും വീട്ടിൽ നിന്നുള്ള പിന്തുണ ഏതു തീരുമാനവും സ്വന്തം താത്പ്പര്യാനുസരണം ചെയ്യാനുള്ള കരുത്തു പകർന്നതായി ദീപിക പറഞ്ഞു.ഇഫിയിലെ ഭാരിച്ച ഉത്തരവാദിത്വം ദീപിക സമർത്ഥമായിട്ട് നിർവഹിക്കുന്നതിന് തെളിവാണ് അടുത്ത വർഷം 50 തികയുന്ന ഇഫി യുടെ പ്രോഗ്രാമറായി ദീപികയെ വീണ്ടും ക്ഷണിച്ചതിലൂടെ വ്യക്തമാകുന്നത്. ഇഫിയിൽ വിദേശരാജ്യങ്ങളിൽ നിന്നും സിനിമയുമായി വരുന്നവർക്കെല്ലാം ദീപികസുശീലനെക്കണ്ടാൽ മതി.ദീപികയുടെ പെരുമാറ്റവും കാര്യങ്ങൾ നയചാതുര്യത്തോടെ ചെയ്യാനുമുള്ള പാഠവം എല്ലാവരുടേയും പ്രശംസനേടുന്നു.
കാൻ ചലച്ചിത്രോത്സവത്തിൽ പ്രോഗ്രാം മാനേജരായി ഒരു നാൾ പ്രവർത്തിക്കാൻ കഴിയണമെന്നതാണ് ദീപികയുടെ സ്വപ്‌നം. മേളയെക്കുറിച്ച് ഡെലിഗേറ്റുകളിൽ നിന്ന് പ്രതികരണം അറിയാനാവുമെന്നതാണ് കേരള ചലച്ചിത്രോത്സവത്തിന്റെ മികവെന്ന് സുശീല പറയുന്നു.ഗോവയിൽ പ്രേക്ഷകർ വന്ന് ചിത്രം കണ്ട് മടങ്ങുകയാണ് .കാര്യമായ പ്രതികരണം ലഭിക്കാറില്ല.ഇവിടെ എല്ലാവരിൽ നിന്നും നല്ല സഹകരണമാണ് തനിക്കു ലഭിക്കുന്നതെന്ന് ദീപിക പറഞ്ഞു. കേരളത്തിൽ റീജണൽ ഫിലിം ഫെസ്റ്റിവലുകൾ കൂടുതൽ വ്യാപകമാക്കണമെന്നാണ് ദീപികയുടെ അഭിപ്രായം.ഡെലിഗേറ്റ് ഫീസും താമസഭക്ഷണച്ചെലവുകൾ വഹിച്ച് വടക്കു നിന്നുള്ളവർക്ക് തിരുവനന്തപുരത്തെത്തുക അത്ര എളുപ്പമല്ല.മുമ്പ് തിരുവനന്തപുരത്ത് പ്രവർത്തിക്കുമ്പോൾ നിലമ്പൂരിൽ ഫെസ്റ്റിവൽ നടത്തി.വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തവർ പോലും സിനിമ കാണാൻ എത്തി.സംസ്ഥാനങ്ങൾ നടത്തുന്ന ചലച്ചിത്രോത്സവങ്ങളിൽ മികച്ചത് കേരള ചലച്ചിത്രോത്സവം ആണെന്നാണ് ദീപികയുടെ അഭിപ്രായം.ഇത്തവണത്തെ ഇഫി കൂടി കൂട്ടിയാൽ ദീപിക പ്രോഗ്രാം ചെയ്യുന്ന പതിനേഴാമത്തെ ഫെസ്റ്റിവലാണിത്.