മാണ്ഡ്യ: ഉത്തര കർണാടകയിലെ മാണ്ഡ്യയിൽ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് ദാരുണാന്ത്യം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. 30 മുതൽ 35 വരെ യാത്രക്കാർ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. ബംഗളൂരുവിൽ നിന്ന് 105 കിലോ മീറ്റർ അകലെയുള്ള മാണ്ഡ്യയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബസ് ഒരു വശം ചരിഞ്ഞ് കനാലിലേക്ക് മറിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാർക്കും രക്ഷപ്പെടാനായില്ലെന്ന് പൊലീസ് പറഞ്ഞു. ബസിന്റെ ഡോറുകൾ കനാലിന്റെ അടിത്തട്ടിൽ കുടുങ്ങിയതും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. അപകടം ഉണ്ടായി മിനിട്ടുകൾക്കം ബസ് കനാലിലേക്ക് മുങ്ങിപ്പോയി. അടുത്തുണ്ടായിരുന്ന ചില കർഷകരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഇവർക്ക് കുറച്ച് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ. കനാലിൽ നിന്നും കയറുകളും മറ്റും ഉപയോഗിച്ച് ബസിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ബസിനുള്ളിൽ നിന്നും പുറത്തെടുത്ത മൃതദേഹങ്ങൾ നിരത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി മാണ്ഡ്യയുടെ ചുമതലയുള്ള മന്ത്രിയോട് എത്രയും പെട്ടെന്ന് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.