മ്യൂണിച്ച്: പ്രമുഖ ഒാൺലെെൻ വ്യാപാര സ്ഥാപനമായ ആമസോണിൽ തൊഴിലാളി സമരം ശക്‌തമാകുന്നു. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം വേണമെന്നാവശ്യപ്പെട്ടാണ് ജർമനിയിലെയും സ്‌പെയിനിലെയും ആമസോൺ ജീവനക്കാർ സമരം നടത്തുന്നത്. ക്രിസ്‌തുമസിനോടനുബന്ധിച്ച് വ്യാപാരത്തിൽ ഇളവുകൾ തുടങ്ങിയ ദിവസം തന്നെയാണ് തൊഴിലാളികളുടെ സമരം.
തൊണ്ണൂറ് ശതമാനത്തോളം തൊഴിലാളികൾ പണിമുടക്കി സമരത്തിൽ പങ്കെടുത്തതായി തൊഴിലാളി യൂണിയനുകൾ പറഞ്ഞു. എന്നാൽ, 620 തൊഴിലാളികൾ മാത്രമാണ് സമരത്തിൽ പങ്കെടുത്തതെന്ന് ആമസോൺ വൃത്തങ്ങൾ അറിയിച്ചു. സമരം ഒരു തരത്തിലും കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും ആമസോൺ പറഞ്ഞു. ഞങ്ങൾ റോബോട്ടുകളല്ലെന്ന മുദ്രാവാക്യവുമായാണ് ഇവർ സമര രംഗത്ത് ഇറങ്ങിയത്. കടുത്ത ജോലി ഭാരമാണ് കമ്പനി തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നും തൊഴിലാളികൾ വ്യക്തമാക്കി.