കൊച്ചി: താര സംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച് പുറത്ത് പോയവർ വന്നാൽ തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് മോഹൻലാൽ. ഇന്ന് കൊച്ചിയിൽ നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നത്തെ ചർച്ചയിൽ ഡബ്ല്യൂ.സി.സിയുമായി ബന്ധപ്പെട്ട് ഒരു കാര്യവും ഉയർന്നു വന്നിട്ടില്ല. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് അമ്മ നടത്തുന്ന സ്‌റ്റേജ് ഷോയുടെ കാര്യങ്ങളാണ് കമ്മിറ്റി ചർച്ച ചെയ്‌തതെന്ന് താരം വ്യക്തമാക്കി.
രാജിവച്ചവർ മാപ്പു പറയേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ലാലിന്റെ മറുപടി ഇങ്ങനെ- 'മാപ്പൊക്കെ അത്യാവശ്യത്തിന് ഉപയോഗിക്കേണ്ടതല്ലേ, ചുമ്മാ എല്ലാത്തിനും മാപ്പു പറയേണ്ടതുണ്ടോ'. അതേസമയം, അമ്മ വിദേശത്ത് സംഘടിപ്പിക്കുന്ന സ്‌റ്റേജ് ഷോയ്‌ക്ക് ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ഡബ്ല്യൂ.സി.സിയുടെ ഹർജിയെ നിയമപരമായി നേരിടാൻ തന്നെയാണ് സംഘടനയുടെ തീരുമാനം.
ഡിസംബർ ഏഴിന് അബുദാബിയിൽ വച്ചാണ് താരസംഘടന സ്‌റ്റേജ് ഷോ നടത്തുക. ഷോയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്കൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത്. ഹർജി തിങ്കളാഴ്‌ച കോടതി പരിഗണിക്കും. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ താരങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന ഡബ്ല്യു.സി.സിയുടെ ഹർജിക്കൊപ്പമാവും പുതിയ ആവശ്യവും കോടതി പരിഗണിക്കുക.