കൊച്ചി: ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ നീതിക്കുവേണ്ടി രംഗത്തെത്തിയ കന്യാസ്ത്രീകൾ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് മഠത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മിഷണറീസ് ഒഫ് ജീസസ് സന്യാസ സമൂഹത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന മദർ സുപ്പീരിയറുടെ വാദത്തെ വിമർശിച്ച് സിസ്റ്റർ അനുപമ രംഗത്ത്. മദർ സുപ്പീരിയർ ഉയർത്തുന്നത് മുടന്തൻ വാദങ്ങളാണെന്ന് സിസ്റ്റർ വിമർശിച്ചു. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രിയെ കാണാൻ വിമാന ടിക്കറ്റെടുത്ത് അവിടെയെത്തിയവരാണ് ഈ മദർ സുപ്പീരിയർ അടക്കം മഠത്തിലെ 14 പേർ. ഇവർ പറയുന്നത് പോലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും കുറവിലങ്ങാട് മഠത്തിനുള്ളതായി അറിയില്ലെന്നും സിസ്റ്റർ അനുപമ 'ഫാഷി'നോട് പറഞ്ഞു. സിസ്റ്റർ പറയുന്നു:
സി.സി ടി.വി കാമറകൾ
2015ൽ മഠത്തിൽ സ്ഥാപിച്ച ആറ് സി.സി ടി.വി കാമറകളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബാക്കി നാലെണ്ണം കൂടി എത്രയും വേഗം റിപ്പയർ ചെയ്ത് പുനഃസ്ഥാപിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലാ കർമലീത്ത മഠത്തിലെ സിസ്റ്റർ അമല തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് പൊലീസുകാർ മഠത്തിലെത്തി സി.സി ടി.വി കാമറകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചത്.
മദർ സുപ്പീരിയർ പറയുന്നത് പോലെ മഠത്തിലെ അന്തേവാസികളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അതുകൊണ്ട് എന്ത് കോട്ടമാണ് സംഭവിക്കുകയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
വട്ടമരത്തിന്റെ കൊമ്പുകൾ
മഠത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന തരത്തിൽ കെട്ടിടത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന വട്ടമരത്തിന്റെ കൊമ്പുകൾ മുറിക്കണമെന്നാണ് പൊലീസിന്റെ മറ്റൊരു നിർദ്ദേശം. ഉപയോഗ ശൂന്യമായ മരങ്ങളുടെ കൊമ്പ് മുറിച്ചാൽ ഓൾഡേജ് ഹോമിലെ അന്തേവാസികൾക്ക് എങ്ങനെയാണത് ഉപദ്രവമാവുക.
പുറത്തു ചാടിക്കാൻ ശ്രമം
മദർ സുപ്പീരിയർ നിർദ്ദേശിച്ചപോലെ പരാതിക്കാരിയായ സിസ്റ്റർക്കൊപ്പം കുറവിലങ്ങാട് മഠം വിട്ട് മറ്റൊരു സർക്കാർ സ്ഥാപനത്തിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെയൊരു ഗതികേട് ഞങ്ങൾക്ക് ഇപ്പോഴില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയശേഷം ഞങ്ങളെ അടിച്ചമർത്താനും മഠത്തിൽ നിന്ന് പുറത്ത് ചാടിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. പരാതിക്കാരായ കന്യാസ്ത്രീകൾക്ക് പ്രാർത്ഥനാ ജീവിതമില്ലെന്ന തരത്തിൽ വ്യാജ ആരോപണങ്ങളുന്നയിച്ച് ഞങ്ങളെ അടിച്ചമർത്താനും ശ്രമമുണ്ട്.
ഫാ. അഗസ്റ്റിൻ വട്ടോളിയ്ക്കൊപ്പം
സിറോ മലബാർ സഭയിലെ പുരോഹിതൻ ഫാ. അഗസ്റ്റിൻ വട്ടോളി അച്ചനെ പൗരോഹിത്യ ജീവിതത്തിൽ നിന്നും പുറത്താക്കുന്നതുൾപ്പെടെ എന്തെങ്കിലും നടപടി സഭയിൽ നിന്നുമുണ്ടാകുന്ന പക്ഷം നീതിക്കായി വൈദികനൊപ്പം നിൽക്കും. സത്യത്തിനും നീതിക്കും വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനും അടിച്ചമർത്താനുമാണ് സഭ ശ്രമിക്കുന്നത്.
മദർ സുപ്പീരിയർ കുറവിലങ്ങാട് എസ്.ഐയ്ക്ക് അയച്ച മറുപടി കത്തിലെ പ്രസക്ത ഭാഗങ്ങൾ:
മിഷൻ ഹോമിലെ സന്യാസിനികളുടേയും മറ്റു അന്തേവാസികളുടേയും സ്വകാര്യതയും സ്വൈര്യജീവിതവും സുരക്ഷയും ഉറപ്പാക്കുന്നതിന് മുൻകരുതൽ ഉറപ്പാക്കേണ്ടതുണ്ടെങ്കിലും അതിന് തക്ക സാമ്പത്തിക ശേഷിയും അധികാരവും മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന് ഇല്ല. പൊലീസ് ആവശ്യപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളിൽ ചിലത് അന്തേവാസികളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭംഗം വരുത്തുന്നതും മഠത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതുമാണ്.
പരാതിക്കാരിക്കും സാക്ഷികളായ സന്യാസിനികൾക്കും സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെ അവരെ ഏതെങ്കിലും സുരക്ഷിതമായ സർക്കാർ സംവിധാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് സമ്മതമാണ്.