പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ പങ്കെടുത്ത കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. സുരേന്ദ്രൻ അക്രമങ്ങളിൽ പങ്കെടുത്തതിന് വീഡിയോ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന പൊലീസ് വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. വധശ്രമത്തിനൊപ്പം ഗൂഢാലോചനക്കേസിൽ കൂടി പ്രതി ചേർത്തതിനാൽ സുരേന്ദ്രന് ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസിൽ സുരേന്ദ്രനെ ഒരു മണിക്കൂർ നേരത്തേക്ക് ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതുകൂടാതെ ജയിലിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ സുരേന്ദ്രന് വീട്ടുകാരുമായി സംസാരിക്കാനും കോടതി അനുമതി നൽകി. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സുരേന്ദ്രന് വീട്ടുകാരുമായി സംസാരിക്കാൻ കഴിയൂ. ജയിൽ മാറ്റണമെന്ന ആവശ്യത്തിൽ സൂപ്രണ്ടുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെ സുരേന്ദ്രന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ വാറണ്ടുള്ളതിനാൽ കൊട്ടാരക്കര സബ് ജയിലിൽ നിന്നു ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. വൻ പൊലീസ് സുരക്ഷയിലാണ് സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് സുരേന്ദ്രന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുരേന്ദ്രന് മേൽ ചുമത്തിയിരിക്കുന്നത് വ്യാജ കേസുകളാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചത്. ഇതിനുള്ള തെളിവുകളും അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. ഇതിനെത്തുടർന്ന് മൂന്ന് കേസുകളിൽ നിന്നും സുരേന്ദ്രനെ പൊലീസ് ഒഴിവാക്കിയിരുന്നു.