തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ക്രൂരതയിൽ കുറേനാൾ നരകതുല്യമായ ജീവിതം അനുഭവിച്ച് തീർത്ത ജയേഷിന്റെ കഥ ഇന്ന് കേരളക്കര മുഴുവൻ ചർച്ച ചെയ്യുകയാണ്. ജയേഷിന്റെ പൊള്ളുന്ന ജീവിതാനുഭവത്തെ ആസ്പദമാക്കി ജീവൻ ജോബ് തോമസ് തിരക്കഥയെഴുതി മധുപാലിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ''ഒരു കുപ്രസിദ്ധ പയ്യൻ" എന്ന സിനിമ വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ജയേഷ് വീണ്ടും വാർത്തകളിൽ നിറയുന്നത്. കോഴിക്കോട് മീഞ്ചന്തയിലെ സുന്ദരിയമ്മ കൊലക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ജയേഷ് ഇപ്പോൾ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ബീച്ചിനടുത്തുള്ള ആർട്ട് കഫേയിൽ ശുചീകരണത്തൊഴിലാളിയായി ജോലി നോക്കുകയാണ്.
സുന്ദരിയമ്മ കൊല്ലപ്പെട്ടു
അമ്മയുടെ സ്ഥാനത്താണ് സുന്ദരിയമ്മയെ ജയേഷ് കണ്ടിരുന്നത്. അവരെക്കൊല്ലാൻ അവനൊരിക്കലും കഴിയില്ലായിരുന്നു. അവൻ പണിയെടുത്തിരുന്ന ഹോട്ടലിലേയ്ക്കാണ് സുന്ദരിയമ്മ ഇഡ്ഡലി സപ്ലൈ ചെയ്തിരുന്നത്. വീട് ചക്കുംകടവാണെന്നും വീട്ടിൽ വളർത്തമ്മയും അവരുടെ മക്കളുമാണുള്ളതെന്നുമെല്ലാം ജയേഷ് അവരോട് പറഞ്ഞിട്ടുണ്ട്. ഒരു നോമ്പുകാലത്താണ് തിരിച്ച് നാട്ടിൽ പോവുന്നെന്ന് പറഞ്ഞ് സുന്ദരിയമ്മ യാത്ര ചോദിച്ചു പോകുന്നത്. അതിന്റെ പിറ്റേ ദിവസമാണ് അവരെ ആരോ കൊലപ്പെടുത്തിയത്. നല്ല ഉയരമുള്ള ചുവന്ന ഷർട്ടിട്ട ആളാണ് സുന്ദരിയമ്മയുടെ കൊലപാതകത്തിന് പിന്നിലെന്ന് സംസാരം പരന്നു.
ജയേഷ് കസ്റ്റഡിയിൽ
സംശയത്തിന്റെ പേരിൽ മോഷണ ശ്രമത്തിനിടെ സുന്ദരിയമ്മയെ കൊന്നു എന്നപേരിൽ സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം ജയേഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കെട്ടിത്തൂക്കിയിട്ട് അടിക്കുന്നതിനിടെ ഒരു കത്തി എന്റെ കൈയിൽ കൊണ്ടുവന്ന് പൊലീസുകാർ പിടിപ്പിച്ചെന്ന് ജയേഷ് ഒാർത്തെടുക്കുന്നു. കേസ് നീയേറ്റെടുക്കണമെന്നും അല്ലാതെ നിനക്ക് രക്ഷയില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് ഒന്നര വർഷം ജയിലിൽ. പ്രധാന തെളിവുകളെല്ലാം കൃത്രിമമാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതാണ് ജയേഷിന് ജീവിതം തിരിച്ച് കിട്ടാൻ സഹായകരമായത്.
സംശയ മൊഴി
സുന്ദരിയമ്മയുടെ വീടിനടുത്ത് താമസിച്ചിരുന്ന ഒരാളാണ് ജയേഷിനെക്കുറിച്ചുള്ള സൂചന പൊലീസിന് നൽകിയത്. കൊലപാതകത്തിന് ശേഷം ജയേഷിനെപ്പോലെ തോന്നിക്കുന്ന ഒരാൾ ഓടിപ്പോകുന്നത് കണ്ടെന്നായിരുന്നു മൊഴി. അങ്ങനെയാണ് കേസിൽ ജയേഷ് കുടുങ്ങുന്നത്.
കല്യാണാലോചന
ജയേഷിന് ഒരു കല്യാണാലോചന വന്നത് കേസിനിടെയാണ്. പെൺകുട്ടിക്ക് കഴിക്കാനും ഉടുക്കാനുമൊക്കെ വാങ്ങിക്കൊടുക്കുമായിരുന്നു. അവസാനം അവളെ കാണരുതെന്ന് പറഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ വന്ന് തല്ലി. കേസും കൂട്ടവുമൊക്കെയുള്ള ആളാണെന്ന് ആരെങ്കിലും പറഞ്ഞു പേടിപ്പിച്ചിട്ടുണ്ടാകുമെന്ന് ജയേഷ് നെടുവീർപ്പെടുന്നു.