'വാസുദേവൻ പെട്ടെന്ന് നെഞ്ചിൽ കൈ തടവിക്കൊണ്ട് ചാടിയെഴുന്നേറ്റു. കേട്ടത് വിശ്വസിക്കാൻ പറ്റാത്തതുപോലെ ഇരുളിൽ പകച്ചുനോക്കി.
''എന്താ പറഞ്ഞത്? " അറിയാതെ ചുണ്ടനക്കി.
''വാസുദേവേട്ടാ... ഞാൻ രാഗിണി ടെക്സ്റ്റയിൽസിലെ ജോഷീയാ... ചേട്ടന്റെ പത്രം ഓഫീസും പ്രസ്സും അടക്കം കത്തിയെരിയുകയാണ്."
''ജോഷീ. ഫയർഫോഴ്സിൽ ഒന്ന് വിവരമറിയിക്ക്. ഞാനിതാ വരുന്നു..."
അയാൾ മുറിയിലെ ലൈറ്റിട്ടു.
മാലിനി ഞെട്ടിയുണർന്നു.
''എന്താ?"
മറുപടി നൽകാതെ അയാൾ മകനെയും മകളെയും ഉച്ചത്തിൽ വിളിച്ചു.
അനൂപും വിജയയും ഓടിയെത്തി. അയാൾ കാര്യം പറഞ്ഞു.
''ഞങ്ങളും വരുന്നച്ഛാ..."
പറഞ്ഞിട്ട് അനൂപ് വിജയയെ നോക്കി.
''വാടീ..."
''എന്റെ ആറന്മുളയപ്പാ..."
മാലിനിയുടെ കണ്ണുകൾ നിറഞ്ഞു.
''നീ വാതിലടച്ചു കിടന്നോ. ഞങ്ങളല്ലാതെ ആരുവന്ന് വിളിച്ചാലും തുറക്കണ്ടാ."
മാലിനിയോട് പറഞ്ഞിട്ട് വാസുദേവൻ തിടുക്കത്തിൽ വേഷം മാറി.
അതു കേട്ടപ്പോൾ അറിയാതൊരു ഭീതി മാലിനിയെ വലയം ചെയ്തു. എങ്കിലും അവർ ഒന്നും പറഞ്ഞില്ല. രണ്ട് ബൈക്കുകളിലായി മൂന്നുപേരും കുമ്പനാടിന് പാഞ്ഞു.
കുമ്പനാട്....
ആൽത്തറയ്ക്ക് അടുത്തെത്തിയപ്പോഴേ അകലെ തീയും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകളും കണ്ടു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീ അണയ്ക്കാനുള്ള ശ്രമത്തിലായിരുന്നു.
ന്യൂസ് പ്രിന്റ് പേപ്പറും വെയിസ്റ്റ് കട്ടിംഗ്സും ധാരാളം ഉണ്ടായിരുന്നതിനാൽ പെട്രോളിന് തീ പിടിച്ചതുപോലെ നിന്നെരിയുകയാണ്.
ബൈക്കിൽ നിന്നിറങ്ങുമ്പോൾ വാസുദേവന് വല്ലാത്ത തളർച്ച തോന്നി.
കഴിഞ്ഞ മുപ്പതു വർഷങ്ങൾ സ്വന്തം ജീവനായി കൊണ്ടുനടന്ന സ്ഥാപനമാണ് എരിഞ്ഞു തീരുന്നത്!
അയാളെ കണ്ട് ജോഷി അടുത്തേക്ക് ഓടിവന്നു.
''രാത്രിയിൽ ബാത്ത്റൂമിൽ പോകാൻ ഞാൻ എണീറ്റപ്പഴാ വാസുവേട്ടാ തീ കണ്ടത്...."
റോഡിന് എതിർവശത്തെ ഒരു കെട്ടിടത്തിന്റെ മുകൾനിലയിൽ വാടകയ്ക്ക് താമസിക്കുകയാണ് ജോഷി.
വാസുദേവൻ വിറപൂണ്ട വിരലുകൾ ജോഷിയുടെ തോളിൽ അമർത്തി.
''താങ്ക്സ്.. ഒന്നും തിരികെ കിട്ടില്ലെങ്കിലും നിനക്ക് എന്നെ വിളിച്ചറിയിക്കാൻ തോന്നിയല്ലോ..."
തീ അണഞ്ഞു തുടങ്ങി.
അതിനനുസരിച്ച് വല്ലാത്തൊരു ഗന്ധം അവിടെ പരന്നു.
റോഡിലൂടെ ഇടയ്ക്കിടെ വന്ന വാഹനങ്ങളൊക്കെ നിർത്തി ആളുകൾ റോഡിൽ ഇറങ്ങിനിന്ന് നോക്കുകയാണ്.
തീ അണയുന്നതനുസരിച്ച് വെളുത്ത പുക ഉയരാൻ തുടങ്ങി.
ആ പുകയ്ക്ക് ഒരു മുഖത്തിന്റെ ആകൃതിയാണെന്നും അത് സ്പാനർ മൂസയുടെ മുഖമാണെന്നും വാസുദേവന് തോന്നി.
നാളെ തന്റെ പത്രം ഇറങ്ങാതിരിക്കാൻ വേണ്ടി അവൻ തന്നെയായിരിക്കും ഇത് ചെയ്തതെന്ന കാര്യത്തിൽ അയാൾക്ക് സംശയം ഉണ്ടായിരുന്നു.
സിസി ടിവിയിൽ നിന്നുള്ള ദൃശ്യങ്ങളും ഇനി കിട്ടില്ല!
മൂസ വന്ന ദൃശ്യങ്ങൾ എടുക്കാഞ്ഞത് അബദ്ധമായെന്നും ഇപ്പോൾ വാസുദേവൻ അറിഞ്ഞു.
പത്രസ്ഥാപനം നിന്ന ഭാഗത്ത് ഇപ്പോൾ ഒരു ചാരക്കൂന മാത്രം!
തളർച്ചയോടെ വാസുദേവൻ ബൈക്കിലേക്ക് ചാരി.
വിജയ, അച്ഛന്റെ അടുത്തെത്തി.
''മിക്കവാറും ഈ രാത്രിയിൽതന്നെ മൂസയെ പൊലീസ്, കസ്റ്റഡിയിൽ എടുക്കും അച്ഛാ.... അതിനു വേണ്ട ക്രമീകരണങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്."
വാസുദേവൻ മിണ്ടിയില്ല.
ആ സമയം വാസുദേവന്റെ വീട്ടിൽ....
മുറ്റത്ത് ഒരു വാഹനം വന്നുനിൽക്കുന്ന ഒച്ചകേട്ട് മാലിനി ജനൽ തുറന്നു നോക്കി.
സിറ്റിംഗ് റൂമിൽ ഭർത്താവിനെയും മക്കളെയും കാത്തിരിക്കുകയായിരുന്നു അവർ.
മുറ്റത്ത് നിന്നത് സുമോ വാൻ ആണെന്ന് കണ്ടു.
അതിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് തടിച്ച ഒരാൾ ഇറങ്ങി.
ജനാലയിലൂടെ നോക്കുന്ന മാലിനിയെ കണ്ട് അയാൾ അവിടേക്ക് വന്നു.
മാലിനിക്ക് പേടി തോന്നി.
അടുത്ത നിമിഷം അയാളുടെ കയ്യിൽ ഒരു സ്പാനർ പ്രത്യക്ഷപ്പെട്ടു.
ഒറ്റയടി...
ജനാലച്ചില്ല് വെടിയേറ്റതു പോലെ ചിതറി.
(തുടരും)