goa

പനാജി: വിളവ് വർദ്ധിപ്പിക്കുവാൻ വേദ മന്ത്രം ചൊല്ലിയാൽ മതിയെന്ന് ഗോവ സർക്കാർ. 'കോസ്‌മിക് ഫാമിംഗ്' എന്ന പുതിയ സാങ്കേതികവിദ്യയാണ് കർഷകർക്കായി ഗോവ സർക്കാർ പരിചയപ്പെടുത്തുന്നത്. 20 ദിവസം തുടർച്ചയായി 20 മിനിറ്റ് കൃഷിയിടത്തിൽ വേദ മന്ത്രം ഉരുവിട്ടാൽ നല്ല വിളവ് ലഭിക്കുമെന്ന് വിശ്വസിക്കുന്ന രീതിയാണ് കോസ്‌മിക് ഫാമിംഗ്.

മന്ത്രം ചൊല്ലുമ്പോൾ ഈ പ്രപഞ്ചത്തിലെ ഊർജം കൃഷിയിടത്തിലെത്തുമെന്നും ഇത് ചെടികളെ നല്ല രീതിയിൽ വളർത്തി കൂടുതൽ വിളവ് നൽകുമെന്നുമാണ് ഇവരുടെ കണക്കുകൂട്ടൽ. മന്ത്ര ജപത്തിലൂടെ നെൽ കൃഷിയുടെ വിളവ് വർദ്ധിപ്പിക്കാമെന്ന് മന്ത്രി വിജയ് സർദേശായി മുമ്പ് കർഷകരോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന കൃഷി മന്ത്രി വിജയ് സർദേശായിയും, വകുപ്പ് ഡയറക്‌ടർ നെൽസൺ ഫിഗറെഡോയും, ശിവ് യോഗ് കൃഷിയുടെ പ്രചാരകനായ ഗുരു ശിവാനന്ദുമായി ചർച്ച നടത്തിയതായും മന്ത്രാലയം അറിയിച്ചു.