ന്യൂഡൽഹി: ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മേരികോമിന് ചരിത്ര നേട്ടം. 48 കി.ഗ്രാം ഫൈനലിൽ യുക്രെയ്‌ന്റെ ഹന്ന ഒഖോട്ടയെയാണ് മേരികോം കീഴടക്കിയത്. ലോക ചാമ്പ്യൻഷിപ്പിൽ തന്റെ ഏഴാം കലാശപ്പോരാട്ടത്തിനിറങ്ങിയ മേരികോം ഇത് ആറാമത്തെ തവണയാണ് കിരീടം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 2002,2005, 2006, 2008, 2010 എന്നീ വർഷങ്ങളിലും മേരികോം വിശ്വകിരീടം ചൂടിയിരുന്നു. ഇതോടെ ലോക ചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ തവണ ജേതാവാകുന്ന താരമെന്ന റെക്കാഡും മേരികോം സ്വന്തം പേരിലെഴുതി.
കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ ഉത്തര കൊറിയൻ താരം കിം ഹയാംഗ് മിയെ ഇടിച്ചിട്ടാണ് മേരികോം ഫൈനലിലെത്തിയത്. 35 കാരിയായ മേരികോം ഇരട്ടകളടക്കം മൂന്ന് ആൺമക്കളുടെ അമ്മയാണ്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതാ ബോക്സറാണ് മേരികോം.