ബെയ്ജിംഗ്: ഈ കാറിന് രണ്ട് ചിറകുണ്ടായിരുന്നെങ്കിൽ! കാറുമായി തിരക്കുള്ള റോഡിലേക്കിറങ്ങി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങുമ്പോൾ ഇങ്ങനെ ചിന്തിക്കാത്തവരുണ്ടാകില്ല. ഇതൊരു ഭ്രാന്തൻ ചിന്തയല്ല. ഇനി കാറുകൾക്കും പറക്കാനാകുമെന്നാണ് ചൈനയിലെ ടെറഫ്വിഗ എന്ന നിർമ്മാതാക്കൾ കാട്ടിത്തരുന്നത്. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന രണ്ട് സീറ്റുകളുള്ള കുഞ്ഞൻ പറക്കും കാറിനെ പരിചയപ്പെടുത്താനൊരുങ്ങുകയാണിവർ. ഡ്രൈവിംഗിൽ നിന്ന് പറക്കും മോഡിലേക്ക് മാറാൻ ഇവയ്ക്ക് വെറും ഒരു മിനിട്ട് മാത്രം മതി. ഇരുവശങ്ങളിലെയും പങ്കകൾ കറങ്ങി കാർ ഉടൻ വിമാനം പോലെ പറന്നു പൊങ്ങും.
വോൾവോയുടെ പാരന്റ് കമ്പനിയിൽ പെടുന്ന ടെറഫ്വിഗയാണ് കണ്ടെത്തലിനു പിന്നിൽ. നിരത്തിലൂടെ പോകുന്നതിനിടെ പൊടുന്നനെ കാറിന്റെ ഇരു വശങ്ങളിൽ മടക്കിവച്ച ചിറകുകൾ വിടരുകയും പറക്കൽ മോഡിലേക്ക് മാറുകയും ചെയ്യും. തിരിച്ചിറക്കാൻ ലാൻഡിംഗ് ഗിയറും നൽകിയിട്ടുണ്ട്. 640 കി.മീ ഉയരത്തിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ പറക്കാൻ അവയ്ക്ക് കഴിയും.
വേഗത
ആകാശത്ത്: മണിക്കൂറിൽ 640 കി.മീ
റോഡിൽ: മണിക്കൂറിൽ 160 കി.മീ
ഉയര പരിധി: 10,000 അടി
എൻജിൻ ശക്തി: 300 എച്ച്.പി
പ്രത്യേകതകൾ
ബാറ്രറി എൻജിൻ സ്വയം ചാർജ് ചെയ്യുന്നു
ആകാശ ട്രാഫിക്കും മോശം കാലാവസ്ഥയും തിരിച്ചറിയാൻ പ്രത്യേക സംവിധാനം
പാരച്യൂട്ട് സുരക്ഷ
ഇപ്പോൾ ബുക്ക് ചെയ്യാം, അടുത്ത വർഷത്തോടെ ഉടമയാകാം
സുപ്രധാന ഭാഗങ്ങൾ
ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോർ
പറക്കുമ്പോഴും നിരത്തിലും അനുകൂലമായ സീറ്റ്
2016ൽ ലളിതമായ കായിക വിമാനമായി ഫെഡറൽ ഏവിയേഷൻ അംഗീകരിച്ചു