nipha-virus

കോഴിക്കോട്: മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആണെന്ന് പഠനറിപ്പോർട്ട്. 23 പേർക്കാണ് രോഗബാധയുണ്ടായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 19 പേർക്കു രോഗബാധയുണ്ടായതിൽ 17 പേർ മരിച്ചെന്നും രണ്ടു പേർ രക്ഷപ്പെട്ടുവെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ, ദി ജേർണൽ ഒഫ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്നിവയിൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ പഠന റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നത്.


അതേസമയം, നിപ ബാധിച്ച് മരിച്ച ആദ്യ ആരോഗ്യ വകുപ്പ് ജീവനക്കാരി റേഡിയോളജി അസിസ്റ്റന്റ് സുധയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യം കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്.രോഗം ബാധിച്ച് ആദ്യം മരിച്ച ആരോഗ്യവകുപ്പ് സ്റ്റാഫ് നഴ്‌സ് ലിനിയല്ലെന്നും കോഴിക്കോട് മെഡിക്കൽകോളേജിലെ റേഡിയോളജി അസിസ്റ്റന്റാണെന്നാണ് റിപ്പോർട്ടുംചൂണ്ടിക്കാട്ടുന്നത്.

എന്നാൽ 18 നിപ മരണം മാത്രമേ ഉറപ്പിച്ചു പറയാൻ കഴിയുകയുള്ളുവെന്നും ബാക്കി സംശയാസ്പദമാണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. രോഗലക്ഷണം കാണിച്ച അഞ്ചെണ്ണവും നിപ തന്നെ ആയിരിക്കാം. എന്നാൽ പരിശോധനാ റിപ്പോർട്ട് പുറത്തുവന്ന ശേഷമേ അതു നിപ മരണമാണോ എന്നു ഉറപ്പിച്ചു പറയാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.