പനാജി: മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ,എട്ട് സംസ്ഥാന അവാർഡുകൾ,ഇന്ത്യൻ പനോരമയിൽ തുടർച്ചയായി മൂന്നാം തവണയും സാന്നിദ്ധ്യം.പുനലൂർ കരവാളൂർ സ്വദേശിയായ സംവിധായക ഷൈനി ജേക്കബ് ബഞ്ചമിൻ കരസ്ഥമാക്കിയ നേട്ടങ്ങൾ വിസ്‌മയാവഹമാണ്. ഇന്ത്യൻ പനോരമയിൽ ഇന്ന് ഷൈനി തിളങ്ങിയ ദിവസമായിരുന്നു.ഷൈനി സംവിധാനം ചെയ്‌ത സോഡ് ഓഫ് ലിബർട്ടി നിറഞ്ഞ കരഘോഷത്തോടെയാണ് ഗോവ ചലച്ചിത്രോത്സവം വരവേറ്റത്. ചരിത്രപുരുഷൻ വേലുത്തമ്പി ദളവയുടെ ജീവിതവും പോരാട്ടവും അവതരിപ്പിക്കുന്ന 52 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി ആ വീരയോദ്ധാവിന്റെ സ്മരണകളോട് തികച്ചും നീതി പുലർത്തുന്നതായി.
ദേശീയസംസ്ഥാന അവാർഡുകൾ ഒരുപോലെ നേടിയ ഈ ചിത്രത്തിന്റെ തിരക്കഥ ബീയാർപ്രസാദുമൊത്താണ് ഷൈനി തയ്യാറാക്കിയത്.വേലുത്തമ്പിയെക്കുറിച്ചുള ചരിത്ര രേഖകൾ കുറവായിരുന്നതിനാൽ വലിയ അന്വേഷണം വേണ്ടിവന്നതായി അവർ കേരളകൗമുദിയോട് പറഞ്ഞു.വേലുത്തമ്പിദളവയെ ധീരനായ സ്വാതന്ത്ര്യസമരസേനാനിയായാണ് ചിത്രം വിലയിരുത്തുന്നത്. വേലുത്തമ്പിയെക്കുറിച്ച് ചിത്രമെടുക്കാൻ നിർമ്മാതാവ് ആർ.സി.സുരേഷ് ഷൈനിയോട് ആവശ്യപ്പെടുകയായിരുന്നു.
പെരുമ്പടവം ശ്രീധരന്റെ ശ്രദ്ധേയമായ ഒരു സങ്കീർത്തനം പോലെ അടിസ്ഥാനമാക്കി സഖറിയയുടെ തിരക്കഥയിൽ ഷൈനി തയ്യാറാക്കിയ ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് 2016 ലെ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചിരുന്നു.കഥാകാരനായ പെരുമ്പടവം ദസ്തയോവിസ്‌ക്കിയുടെ നാട്ടിൽ പോകുന്നതായിരുന്നു ഇതിവൃത്തം.കഴിഞ്ഞ വർഷം ഇന്ത്യൻ പനോരമയുടെ കഥേതര വിഭാഗം ജൂറി അംഗമായും ഷൈനി പ്രവർത്തിച്ചു.
കവിയും കഥാകാരിയുമായി വന്ന ഷൈനി മാദ്ധ്യമ പ്രവർത്തനത്തിലൂടെയാണ് ഡോക്യുമെന്ററി ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്നത്.
മധ്യപ്രദേശിലെ സാമൂഹ്യപ്രവർത്തകയായ ദയാബായിയുട ജീവിതം ആവിഷ്‌ക്കരിച്ച ഒറ്റയാൾ ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ദയാബായിയെന്ന നിസ്വാർത്ഥയായ പൊതുപ്രവർത്തകയെ ഇന്ത്യ തിരിച്ചറിഞ്ഞത് ഈ ഡോക്യുമെന്ററിയിലൂടെയാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.ജർമ്മനിയിലെ നഴ്‌ലുമാരുടെ ജീവിതം പറയുന്ന മൊഴിമാറ്റിയ ജീവിതങ്ങൾ അടക്കം ശ്രദ്ധേയമായ നിരവധി ഡോക്യുമെന്ററികൾ സംവിധാന ചെയ്ത ഷൈനി തന്റെ എന്നത്തേയും സ്വപ്നമായ കഥാചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ടി.കെ.രാജീവ്കുമാറിന്റെ ഏറ്റവും പുതിയചിത്രമായ കോളാമ്പിയുടെ അസോസിയേറ്റ് ഡയറക്ടറായും അവർ പ്രവർത്തിച്ചു.
ഇന്ന് ഷൈനിക്ക് ഇരട്ടി മധുരത്തിന്റെ ദിവസം കൂടിയായിരുന്നു.സോഡ് ഓഫ് ലിബർട്ടിക്കുള്ള ദേശീയ പുരസ്‌കാരം കേന്ദ്ര സർക്കാരിന്റെ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അധികൃതർ ഗോവയിൽ വച്ച് കൈമാറുമെന്ന അറിയിപ്പും ഇന്ന് ലഭിച്ചു.രാഷ്ട്രപതി അവാർഡ് നൽകുമെന്ന് അറിയിച്ചശേഷം സ്‌മൃതി ഇറാനിയെക്കൊണ്ട് അവാർഡ് വിതരണം ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ച് ഷൈനിയും ദേശീയ അവാർഡ്ദാനച്ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു. പ്ലാന്ററായ സണ്ണി യാണ് ഭർത്താവ്.ഋഷി മകനാണ്. പ്രമുഖ മാദ്ധ്യമപ്രവർത്തകനായ ഷാർളിബഞ്ചമിൻ സഹോദരനാണ്.